തിരുവനന്തപുരം: സംസ്ഥാനത്ത് മൺസൂൺകാല ട്രോളിംഗ് നിരോധം ഇന്നലെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. അടുത്ത മാസം 31 വരെ നീളുന്ന 52 ദിവസത്തെ നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മത്സ്യങ്ങളുടെ പ്രജനനം സുഗമമാക്കിയും കടലിലെ മത്സ്യസമ്പത്ത് വർധിപ്പിക്കുകയുമാണ് ട്രോളിംഗ് നിരോധത്തിന്റെ പ്രധാന ലക്ഷ്യം.
നിരോധന കാലയളവിൽ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകൾക്ക് കടലിൽ പോയി മത്സ്യബന്ധനം നടത്തുന്നതിന് പൂർണ വിലക്കുണ്ടാകും. കൂടാതെ രണ്ട് വള്ളങ്ങൾ ചേർന്ന് നടത്തുന്ന പെയർ ട്രോളിംഗും കർശനമായി നിരോധിച്ചിട്ടുണ്ട്.
ട്രോളിംഗ് നിരോധം നിലവിൽ വന്നതോടെ തീരപ്രദേശങ്ങളിലെയും മത്സ്യബന്ധന ഹാർബറുകളിലെയും ഡീസൽ ബങ്കുകളുടെ പ്രവർത്തനവും താൽക്കാലികമായി നിർത്തിവെക്കും. കേരള തീരത്ത് മത്സ്യബന്ധനം നടത്തുന്ന ഇതര സംസ്ഥാന ബോട്ടുകൾക്കും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ചില ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഇൻബോർഡ് വള്ളങ്ങളും ചെറുവള്ളങ്ങളും ഉപയോഗിച്ച് ഉപരിതല മത്സ്യബന്ധനം നടത്താൻ അനുമതിയുണ്ട്. തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ വരെ കടലിലേക്ക് പോയി മത്സ്യബന്ധനം നടത്താനും പരമ്പരാഗത വള്ളങ്ങൾക്ക് അനുമതി ലഭിക്കും.
ട്രോളിംഗ് നിരോധം ലംഘിക്കുന്നവർക്കെതിരെ കോസ്റ്റ് ഗാർഡിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നതും അതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണ്.
നിരോധന ഉത്തരവ് ലംഘിക്കുന്നവർക്ക് പിഴ, തടവ് ശിക്ഷ, അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ലഭിക്കാമെന്നും ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പ് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
