തിരുവനന്തപുരം: ബിജെപിക്കെതിരായ പോരാട്ടത്തിൽ ഇൻഡ്യ മുന്നണി കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രാദേശിക പാർട്ടികളുടെ പ്രാധാന്യം തിരിച്ചറിയാനും അംഗീകരിക്കാനും കോൺഗ്രസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസിന്റെ ‘വല്യേട്ടൻ മനോഭാവം’ മതനിരപേക്ഷ കക്ഷികളുടെ വിശാല ഐക്യത്തിന് തടസമാകുകയാണെന്നും ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ അദ്ദേഹം വിമർശിച്ചു.
ഹിന്ദുത്വ രാഷ്ട്രീയവും ബുൾഡോസർ രാജും രാജ്യത്ത് ഗുരുതരമായ സാമൂഹിക പ്രശ്നങ്ങളായി മാറിയ സാഹചര്യത്തിൽ ഇൻഡ്യ മുന്നണിയുടെ പ്രസക്തി വർധിച്ചിരിക്കുകയാണെന്ന് എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. കോൺഗ്രസുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് ചില പ്രമുഖ കക്ഷികൾ ഇൻഡ്യ മുന്നണി യോഗങ്ങളിൽ നിന്ന് വിട്ടുനിന്ന സംഭവങ്ങളും അദ്ദേഹം പരാമർശിച്ചു.
തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിൽ കോൺഗ്രസ് മത്സരിച്ചിരുന്നുവെങ്കിലും, ടിവികെ ശക്തിപ്രാപിച്ച സാഹചര്യത്തിൽ മുന്നണി മര്യാദകൾ ലംഘിച്ച് കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ നൽകിയെന്നാണ് ഡിഎംകെയുടെ പരാതി. ഇതിൽ പ്രതിഷേധിച്ചാണ് ഡിഎംകെ ഇൻഡ്യ മുന്നണി യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ തന്നെ, ആം ആദ്മി പാർട്ടിയും കോൺഗ്രസുമായുള്ള തർക്കങ്ങളുടെ പശ്ചാത്തലത്തിൽ മുന്നണിയിൽ നിന്ന് അകന്നുനിൽക്കുകയാണെന്നും ഗോവിന്ദൻ വിലയിരുത്തി. ബിജെപിക്കെതിരെ നേരിട്ട് മത്സരിച്ചിരുന്ന പല സംസ്ഥാനങ്ങളിലും കോൺഗ്രസിന് അധികാരം നഷ്ടമായിട്ടും, ആ രാഷ്ട്രീയ യാഥാർഥ്യം അംഗീകരിക്കാൻ പാർട്ടി തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
