വിലക്കയറ്റത്തിന്റെ പുതിയ വില്ലൻ വെളുത്തുള്ളി; കിലോയ്ക്ക് 100 രൂപയുടെ വർധന

JUNE 15, 2026, 10:22 PM

കോലഞ്ചേരി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനിടെ വെളുത്തുള്ളി വിലയും കുത്തനെ ഉയരുന്നതായി റിപ്പോർട്ട്. ഏതാനും ദിവസം മുമ്പ് കിലോയ്ക്ക് 180 രൂപയുണ്ടായിരുന്ന വെളുത്തുള്ളി ഇപ്പോൾ ചില്ലറ വിപണിയിൽ 280 രൂപ വരെ എത്തിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ വില 300 രൂപ കടക്കുമെന്ന ആശങ്കയിലാണ് വ്യാപാരികളും ഉപഭോക്താക്കളും.

വിപണിയിലേക്കുള്ള വരവ് കുറഞ്ഞതും ആവശ്യക്കാർ വർധിച്ചതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. കേരളത്തിൽ കാന്തല്ലൂർ, വട്ടവട മേഖലകളിൽ വെളുത്തുള്ളി കൃഷിയുണ്ടെങ്കിലും സംസ്ഥാനത്തിന്റെ ആവശ്യത്തിന്റെ വലിയൊരു പങ്ക് തമിഴ്നാടിനെയും മഹാരാഷ്ട്രയെയും ആശ്രയിച്ചാണ് നിറവേറ്റുന്നത്.

തമിഴ്നാട്ടിലെ പ്രധാന ഉൽപാദന മേഖലകളിൽ പ്രതികൂല കാലാവസ്ഥ കൃഷിയെ ബാധിച്ചതോടെ വിപണിയിലെത്തുന്ന വെളുത്തുള്ളിയുടെ അളവിൽ വലിയ കുറവുണ്ടായതായി മൊത്തവ്യാപാരികൾ പറയുന്നു. ഇതാണ് വില ഉയരാൻ പ്രധാന കാരണമായത്.

vachakam
vachakam
vachakam

കോയമ്പത്തൂരിലെ എം.ജി.ആർ മാർക്കറ്റിൽ സാധാരണ ദിവസങ്ങളിൽ പത്തിലധികം ലോഡ് വെളുത്തുള്ളി എത്താറുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ അത് മൂന്ന് ലോഡായി കുറഞ്ഞതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

വില വർധന ചെറുകിട വ്യാപാരികളെയും ബാധിച്ചിട്ടുണ്ട്. ദീർഘകാലം സൂക്ഷിച്ചാൽ തൂക്കക്കുറവ് സംഭവിക്കുന്നതിനാൽ വലിയ തോതിൽ സ്റ്റോക്ക് ചെയ്യാൻ കഴിയാതെ ദിവസേന ആവശ്യമായ അളവ് മാത്രം വാങ്ങി വിൽക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

വലിപ്പവും ഗുണനിലവാരവും അടിസ്ഥാനമാക്കി വെളുത്തുള്ളിയെ വിവിധ ഗ്രേഡുകളായി തരംതിരിക്കുന്നുണ്ട്. മികച്ച ഗുണമേന്മയുള്ള വെളുത്തുള്ളിക്ക് മൊത്തവിപണിയിൽ തന്നെ കിലോയ്ക്ക് 250 രൂപയ്ക്കു മുകളിലാണ് വില. ഇത് ചില്ലറ വിപണിയിലെത്തുമ്പോൾ 280 രൂപയും അതിലധികവുമാകുന്നു.

vachakam
vachakam
vachakam

വിപണിയിലേക്കുള്ള ലഭ്യത ഉടൻ മെച്ചപ്പെടാത്ത പക്ഷം വരും ദിവസങ്ങളിലും വില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. ഇതോടെ സാധാരണ കുടുംബങ്ങളുടെ അടുക്കള ചെലവിലും കൂടുതൽ സമ്മർദ്ദം ഉണ്ടാകുമെന്ന ആശങ്ക ഉയരുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam