മലപ്പുറം: അരീക്കോട് സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ 14.120 ഗ്രാം എംഡിഎംഎയുമായി കോളജ് വിദ്യാർഥിനിയടക്കം നാല് പേർ പിടിയിലായി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അരീക്കോട് പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
പൂക്കളത്തൂർ വാര്യംകുന്നത്ത് സ്വദേശി മുഹമ്മദ് ദിൽഷാദ്, പൂക്കളത്തൂർ തൃപ്പനച്ചി സ്വദേശി ഷഹൽ നമാസ്, കാരാപറമ്പ് കൂട്ടാവ് സ്വദേശി സജ്മീർ, കൊല്ലം അഞ്ചൽ സ്വദേശിനിയും കോളജ് വിദ്യാർഥിനിയുമായ ഫിദാ ഫാത്തിമ (20) എന്നിവരാണ് അറസ്റ്റിലായത്.
അരീക്കോട് കൈപ്പകുളത്തുള്ള സ്വകാര്യ ലോഡ്ജിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളിൽ നിന്ന് 14 ഗ്രാമിലധികം എംഡിഎംഎ കണ്ടെത്തിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
പിടിയിലായവരിൽ രണ്ട് പേർ നേരത്തെ ലഹരിക്കേസുകളിൽ പ്രതികളായി ജാമ്യത്തിലിറങ്ങിയവരാണെന്നും പൊലീസ് അറിയിച്ചു. മഞ്ചേരി, അരീക്കോട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകുന്ന ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
ലഹരി വിൽപ്പനയും വിതരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവർക്ക് പിന്നിലുള്ള വിതരണ ശൃംഖലയും ലഹരിമരുന്നിന്റെ ഉറവിടവും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ജില്ലയിൽ ലഹരിവേട്ട കൂടുതൽ ശക്തമാക്കുമെന്നും വരും ദിവസങ്ങളിലും സമാനമായ പരിശോധനകൾ തുടരുമെന്നും അരീക്കോട് പൊലീസും ഡാൻസാഫ് സംഘവും വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
