കൊച്ചി: സംഘപരിവാറിനും ബിജെപിക്കുമെതിരെ ദീപിക ദിനപത്രം എഡിറ്റോറിയൽ. രാജ്യത്ത് ക്രൈസ്തവർക്കെതിരെ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങൾ വർധിച്ചു വരുന്നുവെന്നാണ് എഡിറ്റോറിയൽ പറയുന്നത്.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആക്രമണങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. ആശങ്കകൾ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകി. ഉറപ്പുകളും ആശംസകളുമല്ലാതെ നടപടിയൊന്നുമില്ലെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു.
വെറുപ്പും വിദ്വേഷവും പരത്തുന്ന സംഘടനകളുടെ ന്യൂനപക്ഷ വിരുദ്ധതയ്ക്ക് കേന്ദ്രസർക്കാരിൻ്റെ മൗനസമ്മതമെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു.
ദീപിക എഡിറ്റോറിയലിൻ്റെ പൂർണ്ണരൂപം
ഈ കണക്കുകൾ കാര്യം പറയുന്നുണ്ട്
ക്രൈസ്തവർക്കെതിരേ വർധിക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ആദ്യം ചെയ്യേണ്ടത്, സംഘപരിവാർ സംഘടനകളെ നിയന്ത്രിക്കുകയാണ്. ഇതുവരെ അതു ചെയ്തിട്ടില്ല.
ബിജെപി അധികാരത്തിലെത്തിയതോടെ രാജ്യമെമ്പാടും ക്രൈസ്തവർക്കെതിരേ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങൾ ദിവസവും വർധിച്ചുകൊണ്ടിരിക്കുകയാണ്. വെറുപ്പും വിദ്വേഷവും പരത്തുന്ന സംഘടനകളുടെ ന്യൂനപക്ഷവിരുദ്ധതയ്ക്ക് കേന്ദ്രസർക്കാർ കൊടുക്കുന്ന മൗനസമ്മതം അക്രമോത്സുകമായ മതവിദ്വേഷത്തെ വളർത്തിക്കഴിഞ്ഞു. വിഷയം സർക്കാരിൻറെയും നിയമ സംവിധാനങ്ങളുടെയും ശ്രദ്ധയിൽ പെടുത്താൻ തുടങ്ങിയിട്ട് ഏറെനാളായെങ്കിലും ഒരു ഫലവും ഉണ്ടായിട്ടില്ല.
ഈ വിഷയത്തിൽ ഇക്കഴിഞ്ഞ ദിവസം വിവിധ ക്രൈസ്തവ നേതാക്കൾ രാഷ്ട്രപതിക്കു കത്തെഴുതിയതും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) ക്രൈസ്തവർക്കെതിരേയുള്ള ആക്രമണങ്ങളുടെ കണക്കുകൾ പുറത്തുവിട്ടതും കണ്ടില്ലെന്നു നടിക്കുന്ന രാഷ്ട്രീയം ഈ രാജ്യത്തിൻറെ മതേതര ഭരണഘടനയെ അവമതിക്കുകതന്നെയാണ്.
യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിൻറെ റിപ്പോർട്ട് അനുസരിച്ച്, ബിജെപി അധികാരത്തിൽ വന്ന 2014ൽ 127 ആക്രമണങ്ങളാണ് ക്രൈസ്തവർക്കെതിരേ ഉണ്ടായത്. പിന്നീടുള്ള ഓരോ വർഷവും അതു വർധിച്ചു. 2015ൽ 142, 2016ൽ 226, 2017ൽ 248, 2018ൽ 292, 2019ൽ 328, 2020ൽ 279, 2021ൽ 505, 2022ൽ 601, 2023ൽ 734, 2024 നവംബർ വരെ 745 എന്നിങ്ങനെയാണ് അതു വർധിച്ചത്. യുസിഎഫിൻറെ ഹോട്ട്ലൈനിൽ റിപ്പോർട്ട് ചെയ്യപ്പട്ടവ മാത്രമാണിത്. ഇതിൽ, വംശീയതയുടെ മറവിൽ മണിപ്പുരിൽ നടത്തിയ ക്രൈസ്തവ വേട്ട ഉൾപ്പെടുത്തിയിട്ടില്ല.
ശാരീരികാക്രമണം, കൊലപാതകം, ലൈംഗികാക്രമണം, ഭീഷണി, സാമൂഹിക ബഹിഷ്കരണം, ആരാധനാലയങ്ങൾക്കു നേരേയുള്ള ആക്രമണം, പ്രാർഥന തടയൽ, തിരുരൂപങ്ങൾ തകർക്കൽ തുടങ്ങിയവയൊക്കെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിലെ എട്ടു ഗ്രാമങ്ങളിൽ ക്രൈസ്തവരെ വിലക്കുന്നത് വില്ലേജ് കൗൺസിലുകളുടെ തീരുമാനപ്രകാരമാണത്രെ. ചില സംസ്ഥാനങ്ങളിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമമാണ് ക്രൈസ്തവപീഡനത്തിന് ഉപയോഗിക്കുന്നത്. വർഗീയവത്കരിക്കപ്പെട്ട പോലീസിൽനിന്ന് ഇരകൾക്കു നീതി പ്രതീക്ഷിക്കാനാവില്ല. എങ്ങനെയാണ് ഒരു ജനാധിപത്യ-മതേതര രാജ്യത്തെ ഭരണകൂടത്തിന് ഇങ്ങനെ കാഴ്ചക്കാരായി നിൽക്കാനാകുന്നത്?
ക്രൈസ്തവർക്കും ആരാധനാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരേയുള്ള അക്രമങ്ങളിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രിൽ 13ന് ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോയുടെ നേതൃത്വത്തിലുള്ള ക്രൈസ്തവ പ്രതിനിധിസംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു നിവേദനം നൽകിയിരുന്നു. രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തുകയും ഇടപെടാമെന്ന് അറിയിക്കുകയും ചെയ്തു. ദിവസങ്ങൾക്കകം, കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ള ക്രൈസ്തവസഭാ പിതാക്കന്മാർ ഇതേ വിഷയത്തിൽ ആശങ്ക അറിയിച്ചിരുന്നു.
ആശങ്കകൾ പരിഹരിക്കുമെന്ന് പ്രധാനമന്ത്രിയും ഉറപ്പു നൽകി. ഉറപ്പുകളും ആശംസകളുമല്ലാതെ നടപടിയൊന്നുമില്ല. ദുരൂഹമായ ഈ നിഷ്ക്രിയത്വം വർഗീയ സംഘടനകൾക്കു മൗനാനുവാദമായി. അതിൻറെ ഫലമാണ് ഇക്കഴിഞ്ഞ ക്രിസ്മസിനു കേരളത്തിലും സംഘപരിവാർ സംഘടനകൾ പരീക്ഷണത്തിനിറങ്ങിയത്.
പാലക്കാട് നല്ലേപ്പിള്ളിയിലെ സ്കൂളിൽ ക്രിസ്മസ് ആഘോഷങ്ങൾ അലങ്കോലമാക്കിയത് വിശ്വഹിന്ദു പരിഷത്തിൻറെ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള ഭാരവാഹികളാണ്. അതിനടുത്ത ദിവസം എട്ട് കിലോമീറ്റർ അകലെയുള്ള തത്തമംഗലത്ത് സ്കൂളിലെത്തിയ വർഗീയവാദികൾ ക്രിസ്മസ് ട്രീയും പുൽക്കൂടും നക്ഷത്രവുമെല്ലാം നശിപ്പിച്ചു. ആലപ്പുഴ ഹരിപ്പാട് മുതുകുളത്ത് ക്രിസ്മസ് സന്ദേശം നൽകാനെത്തിയവരെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്.
തൃശൂർ പാലയൂർ പള്ളിയിൽ മൈക്കിന് അനുമതി വാങ്ങിയില്ലെന്ന കാരണത്തിന് കരോൾ ഗാനം മുടക്കിയ എസ്ഐ വിജിത്തിനെ വീടിനടുത്തേക്ക് സ്ഥലം മാറ്റി പരാതിക്കാരെ അവഹേളിച്ചത് കേരളാ പോലീസാണ്. ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നത്, കേരളത്തിലും സംഘപരിവാറിൻറെ പരീക്ഷണങ്ങൾക്കു തടയിടാൻ കഴിയുന്നില്ലെന്നാണ്. സംഘപരിവാർ രാജ്യമൊട്ടാകെ വിതച്ച വർഗീയ വിദ്വേഷത്തിൻറെയും മതധ്രുവീകരണത്തിൻറെയും വിത്തുകൾ കേരളത്തിലും മുളച്ചുതുടങ്ങിയെങ്കിൽ സംസ്ഥാന സർക്കാരിൻറെ മതേതര ചെറുത്തുനിൽപ്പും അവകാശവാദങ്ങളിൽ ഒതുങ്ങുകയാണ്.
ബിജെപി മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായ നിലപാട് കേരളത്തിലെ ക്രൈസ്തവരോടു സ്വീകരിക്കുന്നുണ്ടെങ്കിൽ അതു വോട്ട് രാഷ്ട്രീയത്തെ മുൻനിർത്തിയുള്ള അടവുനയമായി വെളിപ്പെടുകയാണ്. ഇതൊക്കെ കണ്ടില്ലെന്നു നടിക്കുകയോ ന്യായീകരിക്കുയോ ചെയ്യുന്ന വ്യക്തികളോ ക്രൈസ്തവ നാമധാരികളുടെ സംഘടനകളോ ഉണ്ടായിരിക്കാം. അത്തരം നിക്ഷിപ്ത താത്പര്യക്കാരുടെ പിന്തുണയോ ന്യായീകരണങ്ങളോ അല്ല വർധിക്കുന്ന ക്രൈസ്തവപീഡനങ്ങൾക്കുള്ള മറുപടി. ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ആദ്യം ചെയ്യേണ്ടത്, സംഘപരിവാർ സംഘടനകളെ നിയന്ത്രിക്കുകയാണ്; എളുപ്പമല്ലെങ്കിലും. അത്തരമൊരു നീക്കം ഇതുവരെയില്ല.
എത്ര ദ്രോഹമേറ്റാലും തിരിച്ചടിക്കാത്ത ക്രൈസ്തവരെ അധികാരത്തിൻറെ ഗർവിൽ ആക്രമിക്കുന്നത് ഭീരുത്വമല്ലെങ്കിൽ ഫാസിസമാണ്. അതു ക്രൈസ്തവർക്കോ ന്യൂനപക്ഷങ്ങൾക്കു പൊതുവിലോ മാത്രമല്ല, ആത്യന്തികമായി രാജ്യത്തിനുള്ള ഭീഷണിയാണ്. ഒരിക്കൽ പാക്കിസ്ഥാനും ബംഗ്ലാദേശിനുമൊക്കെ തിരിച്ചറിയാനാകാതെ പോയതും അധികാരത്തിനുവേണ്ടി നിലനിർത്തിയതുമായ മതച്ഛായയുള്ള ആ ഭീഷണിയാണ് പിന്നീടവർക്കു ദുരന്തമായി മാറിയത്. ഇന്ത്യയുടെ വഴി അതല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്