കോഴിക്കോട്: ബസിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ജീവനൊടുക്കിയ ദീപകിന്റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് വ്യക്തമാക്കി മെൻസ് കമ്മീഷൻ. ദീപകിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകുമെന്നാണ് കമ്മീഷന്റെ പ്രഖ്യാപനം.
ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി എന്നിവർക്ക് പരാതി നൽകിയതായി രാഹുൽ ഈശ്വർ അറിയിച്ചു. ദീപകിന്റെ മരണത്തെ രാഷ്ട്രീയമോ വർഗീയമോ ആയ വിഷയമാക്കി മാറ്റരുതെന്നും, യുവാവ് കടുത്ത മാനസിക സമ്മർദം അനുഭവിച്ചതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു. പെൺകുട്ടിയെ പിന്തുണക്കുന്ന ചിലർ വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്നും, സമൂഹമാധ്യമങ്ങളിലെ ലൈക്കും റീച്ചും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് ഒരു മനുഷ്യന്റെ ജീവനെടുക്കാൻ കാരണമായതെന്നും രാഹുൽ ഓൺലൈൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം ദീപകിനെതിരെ ആരോപണം ഉന്നയിച്ച യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം വ്യക്തമാക്കി. വ്യക്തിഹത്യയ്ക്ക് തുല്യമായ പ്രചാരണങ്ങളാണ് ദീപകിനെ കടുത്ത മാനസിക വിഷമത്തിലേക്ക് നയിച്ചതെന്നും അതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും കുടുംബം ആരോപിച്ചു. നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരുമെന്നും കുടുംബം അറിയിച്ചു. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
