കൽപ്പറ്റ: വയനാട് ടൗൺഷിപ്പിൽ നിർമ്മാണം അവസാനഘട്ടത്തിലെത്തിയ വീടുകളിൽ വിള്ളൽ കണ്ടെത്തിയതായി റിപ്പോർട്ട്. ആദ്യഘട്ടത്തിൽ കൈമാറാനിരിക്കുന്ന 178 വീടുകളിൽ രണ്ടിടത്താണ് വിള്ളൽ കണ്ടെത്തിയത്. ഇതോടെ ഈ മാസത്തിനുള്ളിൽ ടൗൺഷിപ്പ് പൂർണ്ണമായി താമസയോഗ്യമാകില്ലെന്ന ആശങ്കയും ഉയരുന്നുണ്ട്.
അതേസമയം വീടുകളുടെ നിർമ്മാണം വൈകുന്നതിൽ ദുരന്തബാധിതർ ആശങ്ക പ്രകടിപ്പിച്ചു. കുറഞ്ഞത് ആദ്യഘട്ടത്തിലെ 178 വീടുകൾ എങ്കിലും വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ആവശ്യം. കൈമാറിയ ചില വീടുകൾ താമസയോഗ്യമല്ലെന്നും വിമർശനമുണ്ട്. ചൂരൽമല സ്വദേശിയായ നൗഫൽ, തന്റെ വീട്ടിന്റെ മേൽക്കൂരയിൽ വിള്ളൽ വീണതായും മഴക്കാലത്ത് വെള്ളം ചോർന്നിറങ്ങിയതായും വ്യക്തമാക്കുന്നു.
നിർമ്മാണം വൈകുന്നതിനെ തുടർന്ന് വയനാട് ജില്ലാ കളക്ടർ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റി അധികൃതരും യോഗത്തിൽ പങ്കെടുക്കും. പ്രവൃത്തികൾ പൂർത്തിയാക്കാൻ മൂന്ന് ആഴ്ച കൂടി സമയം ആവശ്യപ്പെടാനാണ് സൊസൈറ്റിയുടെ തീരുമാനം.
അടുത്ത മാസം 20ഓടെ എല്ലാ ജോലികളും പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ഗുണനിലവാര പരിശോധനയിൽ വൈകുന്നതാണ് പ്രശ്നമെന്നും, ചോർച്ചയുള്ള ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തുമെന്നും വ്യക്തമാക്കി.
ദുരന്തബാധിതർക്കുള്ള ദിനബത്തയും ഭക്ഷ്യകൂപ്പണും മുടങ്ങിയതായ പരാതികളും പരിശോധിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചു.
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ താക്കോൽ കൈമാറ്റം മാർച്ച് ഒന്നിന് നടന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുകയും ഗുണഭോക്താക്കൾക്ക് പട്ടയങ്ങൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
