പ്രത്യുത്പാദനാവകാശം നിഷേധിക്കാനാകില്ലെന്ന് കോടതി; ട്രാൻസ്ജെൻഡർ പുരുഷന് അണ്ഡം സൂക്ഷിക്കാൻ ഹൈക്കോടതി അനുമതി

MAY 17, 2026, 1:10 AM

കൊച്ചി: കൃത്രിമ ഗർഭധാരണത്തിനായി അണ്ഡം സൂക്ഷിക്കാൻ ട്രാൻസ്ജെൻഡർ പുരുഷന് അനുമതി നൽകി ഹൈക്കോടതി. ജന്മനാ സ്ത്രീയായിരുന്നെങ്കിലും പിന്നീട് ട്രാൻസ്ജെൻഡർ പുരുഷനെന്ന ലിംഗസ്വത്വം സ്വീകരിച്ച 28കാരന് ഇപ്പോഴും സ്ത്രീയുടെ പ്രത്യുത്പാദന ശേഷി നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്റെ ഉത്തരവ്.

അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (എആർടി) നിയമപ്രകാരം ദമ്പതികൾക്കും വിവാഹിതരല്ലാത്ത സ്ത്രീകൾക്കും മാത്രമാണ് കൃത്രിമ ഗർഭധാരണത്തിനായി അണ്ഡം സൂക്ഷിക്കാൻ അനുമതിയുള്ളത്. ഈ നിയമ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് എആർടി ക്ലിനിക്ക് അപേക്ഷ നിരസിച്ചത്.

തിരുവനന്തപുരം സ്വദേശിയായ ഹർജിക്കാരൻ തന്റെ ലിംഗസ്വത്വം ട്രാൻസ്ജെൻഡർ പുരുഷനെന്നായി നിയമപരമായി മാറ്റിയിരുന്നു. തുടർന്ന് ട്രാൻസ്ജെൻഡർ പുരുഷൻ എന്ന സർട്ടിഫിക്കറ്റും നേടിയിരുന്നു. പിന്നീട് ഹോർമോൺ ചികിത്സ ആരംഭിക്കുകയും ശസ്ത്രക്രിയയിലൂടെ മാറിടം നീക്കുകയും ചെയ്തു.

vachakam
vachakam
vachakam

ഇതിന് ശേഷമാണ് ഭാവിയിൽ മാതാപിതാവാകാനുള്ള സാധ്യത സംരക്ഷിക്കുന്നതിനായി അണ്ഡം സൂക്ഷിക്കാൻ എആർടി ക്ലിനിക്കിനെ സമീപിച്ചത്. എന്നാൽ നിയമത്തിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി ക്ലിനിക്ക് അനുമതി നിഷേധിച്ചതോടെ ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേന്ദ്ര സർക്കാർ ഹർജിയെ എതിർത്തെങ്കിലും, ഹർജിക്കാരന് ഇപ്പോഴും ഗർഭപാത്രം ഉൾപ്പെടെയുള്ള സ്ത്രീയുടെ പ്രത്യുത്പാദന അവയവങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ജീവശാസ്ത്രപരമായ ലൈംഗികതയും ലിംഗസ്വത്വവും രണ്ടും വ്യത്യസ്തമായ ആശയങ്ങളാണെന്നും, എആർടി നിയമപ്രകാരം അപേക്ഷകന്റെ ജൈവശാസ്ത്രപരമായ ലൈംഗികതയാണ് പരിശോധിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

vachakam
vachakam
vachakam

സ്വന്തം ലിംഗസ്വത്വം ട്രാൻസ്ജെൻഡർ പുരുഷനെന്നായി തെരഞ്ഞെടുത്തതിന്റെ പേരിൽ ഒരാളുടെ പ്രത്യുത്പാദനാവകാശം നിഷേധിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ലിംഗമാറ്റ ശസ്ത്രക്രിയ പൂർണമായിട്ടില്ലെന്നതും കോടതി പരിഗണിച്ചു.

തുടർന്നാണ് ഹർജിക്കാരന് അണ്ഡം സൂക്ഷിക്കാൻ അനുമതി നൽകിയത്. ഇതിനായി എആർടി ബാങ്കിനെ സമീപിക്കാമെന്നും കോടതി നിർദേശിച്ചു.

അതേസമയം, എആർടി നിയമത്തിന്റെ ഭരണഘടനാസാധുത പരിശോധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവർക്കിടയിൽ അണ്ഡസംരക്ഷണവുമായി ബന്ധപ്പെട്ട അവബോധം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam