ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ നടന്നതായി പറയുന്ന രക്ഷാപ്രവർത്തന കേസിൽ പ്രോസിക്യൂഷനെതിരെ രൂക്ഷ വിമർശനവുമായി കോടതി. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് എവിടെയെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകാത്തതിലും കോടതി അതൃപ്തി രേഖപ്പെടുത്തി. വാർത്തകളിലൂടെ ആരോപണങ്ങൾ ഉയർത്തുന്നതുകൊണ്ട് മാത്രം കാര്യമില്ലെന്നും, കോടതിക്ക് ആവശ്യമായത് വസ്തുതകളെ അടിസ്ഥാനമാക്കിയ റിപ്പോർട്ടാണെന്നും കോടതി വ്യക്തമാക്കി.
കേസിലെ പ്രധാന പ്രതികളായ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എസ്. സന്ദീപ് എന്നിവരാണ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ കേസിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. പരാതിക്കാരുടെയും സാക്ഷികളുടെയും മൊഴികൾ രേഖപ്പെടുത്തിയ ശേഷമാണ് അന്വേഷണം വീണ്ടും സജീവമായത്. ഇതിന് പിന്നാലെയാണ് പ്രതികൾ കോടതിയിൽ നിന്ന് നിയമപരമായ സംരക്ഷണം തേടിയത്.
കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ വീണ്ടും ഉയർത്തിക്കൊണ്ടുവന്നതാണെന്നാണ് പ്രതികളുടെ വാദം. സെഡ് പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക എന്ന ഔദ്യോഗിക ചുമതല മാത്രമാണ് നിർവഹിച്ചതെന്നും, അതിന്റെ പേരിൽ അറസ്റ്റ് ചെയ്യരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
