എറണാകുളം: ഗവൺമെന്റ് പ്ലീഡർമാരുടെ പട്ടികയിൽ സിപിഐ ലോക്കൽ കമ്മിറ്റി അംഗത്തിന്റെ പേര് ഉൾപ്പെട്ടതിനെ തുടർന്ന് പാർട്ടി നേതൃത്വം രാജി വാങ്ങിയതായി റിപ്പോർട്ട്. തൃപ്പൂണിത്തുറ ലോക്കൽ കമ്മിറ്റി അംഗവും അഭിഭാഷകയുമായ അഡ്വ. പി. ദീപ്തിയുടെ രാജിയാണ് സിപിഐ സ്വീകരിച്ചത്.
വ്യക്തിപരമായ കാരണങ്ങളാൽ ഗവൺമെന്റ് പ്ലീഡർ പദവി ഏറ്റെടുക്കാൻ താൽപര്യമില്ലെന്നും, പാർട്ടിയിൽ നിന്ന് നേരത്തെ തന്നെ രാജിവച്ചിരുന്നുവെന്നുമാണ് ദീപ്തിയുടെ വിശദീകരണം. സാമുദായിക പരിഗണനയുടെ അടിസ്ഥാനത്തിലാകാം തന്നെ പ്ലീഡർ സ്ഥാനത്തേക്ക് പരിഗണിച്ചതെന്നും അവർ പറഞ്ഞു. മുൻപ് ആന്റണി മന്ത്രിസഭയുടെ കാലത്തും സർക്കാർ പ്ലീഡറായി പ്രവർത്തിച്ചിട്ടുണ്ടെന്നും ദീപ്തി വ്യക്തമാക്കി.
സിപിഐ നേതാവും ലോക്കൽ കമ്മിറ്റി അംഗവുമായ ദീപ്തിയെ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതിന് പിന്നാലെ നിയമന പട്ടിക വിവാദമായിരുന്നു. വനിതാ ലീഗ് നേതാവിന്റെ ഭർത്താവിനും സർക്കാർ അഭിഭാഷക പട്ടികയിൽ നിയമനം ലഭിച്ചതിനെ തുടർന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.
ഇതിന് മുമ്പ് ദേവസ്വം ബോർഡിന്റെ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി അഡ്വ. കെ.ബി. പ്രദീപിനെ നിയമിച്ചതും പിന്നീട് അദ്ദേഹം രാജിവെച്ചതും വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു.
അതേസമയം, പുതിയ സർക്കാർ അഭിഭാഷക പട്ടികയോട് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകർക്കിടയിൽ അതൃപ്തിയുണ്ടെന്നാണ് വിവരം. മതിയായ പ്രവർത്തി പരിചയമില്ലാത്തവരെയും ആവശ്യമായ കൂടിയാലോചനകളില്ലാതെയുമാണ് ഇത്തവണ നിയമനങ്ങൾ നടത്തിയതെന്ന ആക്ഷേപവും ശക്തമായി ഉയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
