ആലുവ: കിഴക്കേ കടുങ്ങല്ലൂരിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് വിട്ടയച്ചതിൽ പ്രതിഷേധം. ബിനാനിപുരം പൊലീസിന്റെ നടപടിക്കെതിരെ പഞ്ചായത്ത് അംഗം ശ്രീകുമാർ മുല്ലേപ്പിള്ളി മുഖ്യമന്ത്രിക്കും ഡിജിപിക്കും റൂറൽ എസ്‌പിക്കും പരാതി നൽകി.
ചൊവ്വാഴ്ച വൈകിട്ടായിരുന്നു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. സ്കൂൾ ബസിൽ വന്നിറങ്ങിയ കുട്ടിയെ വഴിയരികിൽ കാത്തുനിന്ന യുവാവ് ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. കുതറി ഓടിയ കുട്ടി സമീപത്തെ തുണിക്കടയിൽ അഭയം തേടി.
തുടർന്ന് കടയിലെത്തിയ യുവാവ് കുട്ടിയുടെ അമ്മാവനാണെന്ന് അവകാശപ്പെട്ട് കുട്ടിയെ കൊണ്ടുപോകാൻ ശ്രമം തുടരുകയായിരുന്നു. എന്നാൽ, ഇയാൾ തന്റെ ബന്ധുവല്ലെന്ന് കുട്ടി വ്യക്തമാക്കിയതോടെ കടയുടമയും ജീവനക്കാരും ചേർന്ന് യുവാവിനെ തടഞ്ഞുവച്ചു.
വിവരം ലഭിച്ചതിനെ തുടർന്ന് ബിനാനിപുരം പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ മാതാപിതാക്കളെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.
എന്നാൽ കേസെടുത്താൽ ഭാവിയിൽ ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പൊലീസ് മാതാപിതാക്കളെ ഭയപ്പെടുത്തിയെന്നാണ് ആരോപണം. ഇതോടെ പരാതി നൽകുന്നതിൽ നിന്ന് മാതാപിതാക്കൾ പിന്മാറിയെന്നും വിവരമുണ്ട്.
യുവാവിനെ പിന്നീട് പൊലീസ് വിട്ടയച്ചതിലാണ് പ്രതിഷേധം ശക്തമായത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
