ഇടുക്കി: വനംവകുപ്പ് പിടിച്ചെടുത്ത ജെസിബി അഞ്ച് വർഷമായിട്ടും തിരിച്ചുനൽകാത്തതിൽ പ്രതിഷേധിച്ച് ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അജീഷ് വനംവകുപ്പ് ഓഫീസിൽ ആത്മഹത്യാഭീഷണിയുമായി രംഗത്തെത്തി. ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം ജെസിബിക്കുള്ളിൽ കയറി ഇരുന്നാണ് പ്രതിഷേധം.
സംഭവത്തെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു. എന്നാൽ പ്രതിഷേധം ആരംഭിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കാൻ തയ്യാറായില്ലെന്നാണ് പരാതി.
2020-ൽ അന്നത്തെ നഗരംപാറ ഡെപ്യൂട്ടി റേഞ്ചറായിരുന്ന സന്തോഷ് അന്യായമായി വാഹനം കസ്റ്റഡിയിലെടുത്തതാണെന്ന് അജീഷ് ആരോപിച്ചു. കഞ്ഞിക്കുഴിയിലെ സ്വന്തം വീടിന്റെ തറ ഒരുക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന മൂന്ന് പാഴ്മരങ്ങൾ പിഴുതുമാറ്റിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ 500 രൂപ പിഴ ചുമത്തിയ ശേഷം ജെസിബി വനംവകുപ്പ് ഓഫീസിലെത്തിക്കാനും രണ്ട് ദിവസത്തിനകം തിരികെ നൽകാമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നുവെന്നാണ് അജീഷിന്റെ ആരോപണം. 2020-ൽ കേസെടുത്ത ശേഷം 2021-ൽ വാഹനം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിക്കാൻ നിർദേശിച്ചെങ്കിലും തുടർന്ന് അഞ്ച് വർഷമായി വിവിധ ഓഫീസുകൾ കയറിയിറങ്ങിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജെസിബി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിലും വാഹനത്തിന്റെ വായ്പയും മറ്റ് സാമ്പത്തിക ബാധ്യതകളും താൻ ഇപ്പോഴും വഹിക്കുകയാണെന്നും അജീഷ് പറഞ്ഞു. തന്റെ അധ്വാനത്തിന്റെ ഫലമായ വാഹനം വർഷങ്ങളായി വനംവകുപ്പ് ഓഫീസിൽ കിടന്ന് നശിക്കുകയാണെന്നും പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
