കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ മുൻകൂർ ജാമ്യം തേടി 17-കാരന്റെ പിതാവായ ജഡ്ജി. 17-കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കാറുടമയായ ജഡ്ജിക്കെതിരേ കഴിഞ്ഞദിവസമാണ് കേസെടുത്തത്. പ്രായപൂർത്തിയാകാത്തയാൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാലാണ് വാഹന ഉടമയായ പിതാവും പ്രതിയായത്.
കേസിൽ തന്റെ പേരിൽ നരഹത്യ കുറ്റം നിലനിൽക്കില്ലെന്ന് പ്രതിയായ 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജി ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നു. അതിനാൽ അറസ്റ്റ് ആവശ്യമില്ലെന്നാണ് അഡീഷണൽ ജഡ്ജിയുടെ വാദം. താൻ ഉറങ്ങിക്കിടക്കുകയായിരുന്നു. മകനായ 17കാരന് വാഹനം ഓടിക്കാൻ അനുമതി നൽകിയിട്ടില്ല. കാർ തന്റെ പേരിൽ ആയതിനാൽ നരഹത്യ ചുമത്താൻ ആകില്ല.
പിതാവ് എന്ന നിലയ്ക്കാണ് സംഭവം സ്ഥലത്തും സ്റ്റേഷനിലും എത്തിയത്. പൊലീസ് നടത്തിയ പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങളും ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കുകയും ചോദ്യം ചെയ്യലിന് ഹാജരാക്കുകയും ചെയ്തുവെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ അഡീഷണൽ ജഡ്ജി വ്യക്തമാക്കി.
കേസിൽ അറസ്റ്റിന് സാധ്യത ഉണ്ടെന്നും ജഡ്ജി അപേക്ഷയിൽ ചൂണ്ടിക്കാട്ടി. കുട്ടിയുടെ ജാമ്യം റദ്ദാക്കാൻ സംസ്ഥാനം നീക്കം നടത്തുന്നുണ്ട്. ജെ ജെ ആക്ട് 12-ാം വകുപ്പ് പ്രകാരമാണ് കുട്ടിക്ക് ജാമ്യം കിട്ടിയത്. കുട്ടിയുടെ ക്ഷേമം ആണ് പ്രധാനം. തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ല. അന്വേഷണത്തിനായി ഇനി ഒന്നും ബാക്കിയില്ലെന്നും അഡീഷണൽ ജഡ്ജിയുടെ ജാമ്യാപേക്ഷയിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
