തിരുവനന്തപുരം: എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യാനായി പുതുപ്പള്ളി ഹൗസിൽ നിന്ന് നിയമസഭയിലേക്ക് ചാണ്ടി ഉമ്മൻ എത്തിയത് ഇലക്ട്രിക് സൈക്കിളിൽ. തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ശ്രദ്ധ നേടിയ അതേ സൈക്കിളിലായിരുന്നു അദ്ദേഹത്തിന്റെ ഇന്നത്തെ യാത്രയും.
പുതുപ്പള്ളിയിലെ പ്രചാരണത്തിനിടെ സാധാരണക്കാരുമായി നേരിട്ട് ഇടപഴകാനും മണ്ഡലമൊട്ടാകെ എളുപ്പത്തിൽ സഞ്ചരിക്കാനുമായി ചാണ്ടി ഉമ്മൻ ഇലക്ട്രിക് സൈക്കിൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. യുവാക്കളിലും വോട്ടർമാരിലും വലിയ സ്വീകാര്യത നേടിയ ഈ ശൈലി അദ്ദേഹത്തിന്റെ വിജയത്തിലും പ്രതിഫലിച്ചുവെന്ന വിലയിരുത്തലാണ് ഉയരുന്നത്.
എൻഎഫ്ബിഐയുടെ ഹൈബ്രിഡ് ഇലക്ട്രിക് സൈക്കിളായ “ഐ ബൈക്ക് 3X9” മോഡലാണ് ചാണ്ടി ഉമ്മൻ ഉപയോഗിക്കുന്നത്. മോട്ടോർ ഉപയോഗിച്ചും പെഡൽ ചവിട്ടിയും ഓടിക്കാവുന്ന സംവിധാനമാണ് സൈക്കിളിന്റെ പ്രത്യേകത. 250 വാട്ട് ശേഷിയുള്ള ഹെവി ഡ്യൂട്ടി ബി.എൽ.ഡി.സി ഹബ് മോട്ടോറാണ് സൈക്കിളിന് കരുത്താകുന്നത്.
36 വോൾട്ട് 7.5Ah ലിഥിയം ബാറ്ററിയാണ് ഇതിലുള്ളത്. ബാറ്ററി ഊരിയെടുത്ത് പ്രത്യേകം ചാർജ് ചെയ്യാനുമാകും. മോശം റോഡുകളിലും ഓഫ് റോഡ് യാത്രകൾക്കും അനുയോജ്യമായ 26x4 ഇഞ്ച് ഫാറ്റ് ടയറുകളും 21 സ്പീഡ് ഗിയർ സിസ്റ്റവും സൈക്കിളിലുണ്ട്.
ഡ്യുവൽ ഡിസ്ക് ബ്രേക്ക്, ഫ്രണ്ട് സസ്പെൻഷൻ, എൽഇഡി ഹെഡ്‌ലൈറ്റ്, വാക്കിംഗ് അസിസ്റ്റ് മോഡ്, വേഗതയും ബാറ്ററി വിവരങ്ങളും കാണിക്കുന്ന എൽഇഡി ഡിസ്പ്ലേ എന്നിവയും സൈക്കിളിന്റെ പ്രധാന സവിശേഷതകളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
