കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മന്ത്രി എൻ. ഷംസുദ്ദീനെതിരെ കരിങ്കൊടി കാണിച്ച ബിജെപി-യുവമോർച്ച പ്രവർത്തകർക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. 10 പ്രവർത്തകർക്കെതിരെയാണ് കേസ്. കാസർകോട് സ്കൂളുകളിൽ നടത്തിയ സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിലെ വിവാദ ചോദ്യാവലിയുമായി ബന്ധപ്പെട്ടാണ് ഇന്നലെ രാത്രി മന്ത്രിക്കെതിരെ പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
വിവാദ ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തത് അച്ചടക്ക നടപടിയുടെ പ്രാഥമിക ഘട്ടം മാത്രമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും മന്ത്രി എൻ. ഷംസുദ്ദീൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടുതൽ ഉദ്യോഗസ്ഥർക്കോ അധ്യാപകർക്കോ സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ അവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിന്റെയോ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയോ ഔദ്യോഗിക പ്രവർത്തന കലണ്ടറിൽ ഉൾപ്പെട്ട പരിപാടിയായിരുന്നില്ല ക്വിസ് മത്സരമെന്നും, പ്രാദേശികമായി തയ്യാറാക്കിയ ചോദ്യാവലിയാണ് മത്സരത്തിന് ഉപയോഗിച്ചതെന്നും മന്ത്രി വിശദീകരിച്ചു. വിദ്യാഭ്യാസ മേഖലയെ അധ്യാപകർ വ്യക്തിപരമായ ആശയങ്ങളും രാഷ്ട്രീയ അജണ്ടകളും പ്രചരിപ്പിക്കുന്നതിനുള്ള വേദിയാക്കി മാറ്റരുതെന്നും ചരിത്രപരമായ വസ്തുതകൾ തെറ്റായി അവതരിപ്പിക്കുന്ന പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിൽ എൽ.പി വിഭാഗം വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'ഫ്രീഡം ക്വിസ്' മത്സരത്തിന്റെ ചോദ്യാവലിയിലാണ് വി.ഡി. സവർക്കറെ മഹത്വവൽക്കരിക്കുന്ന ചോദ്യം ഉൾപ്പെട്ടത്. സംഭവം വലിയ രാഷ്ട്രീയ-സാമൂഹിക പ്രതിഷേധങ്ങൾക്ക് വഴിവച്ചതോടെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയും ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്യുകയും ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
