തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം നേതാവുമായ എ. പദ്മകുമാറിനെതിരായ പാർട്ടി നടപടിയിൽ അന്തിമ തീരുമാനം കുറ്റപത്രം സമർപ്പിച്ചതിന് ശേഷമെന്ന നിലപാടിൽ സിപിഎം. കേസിന്റെ ഗൗരവം കണക്കിലെടുത്ത് തുടർ നടപടി സ്വീകരിക്കുമെന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്.
നിലവിൽ പദ്മകുമാർ സസ്പെൻഷനിലാണ്. എന്നാൽ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കൾ ശക്തമായി ഉന്നയിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പാർട്ടിയുടെ വിശ്വാസ്യതയും പൊതുചിത്രവും സംരക്ഷിക്കാൻ കടുത്ത നടപടി അനിവാര്യമാണെന്ന അഭിപ്രായമാണ് പത്തനംതിട്ടയിലെ നേതൃത്വ യോഗങ്ങളിൽ ഉയർന്നത്.
ഇതിനിടെയാണ് ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന പദ്മകുമാറിന്റെ നിലപാട് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചത്. പാർട്ടിയിലെ പ്രമുഖ നേതാക്കളെ സംബന്ധിച്ചും നിർണായക സംഭവങ്ങളെ സംബന്ധിച്ചും വെളിപ്പെടുത്തലുകൾ നടത്തുമെന്ന സൂചന അദ്ദേഹം അടുത്ത സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നുവെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം.
ഈ സാഹചര്യമാണ് പുറത്താക്കൽ നടപടി ഒഴിവാക്കി സസ്പെൻഷനിൽ ഒതുങ്ങാൻ കാരണമായതെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്. എന്നാൽ ആത്മകഥാ വിവാദമോ വെളിപ്പെടുത്തൽ ഭീഷണിയോ പാർട്ടി തീരുമാനത്തെ സ്വാധീനിച്ചിട്ടില്ലെന്നാണ് സിപിഎം വൃത്തങ്ങൾ വിശദീകരിക്കുന്നത്.
ശബരിമല സ്വർണക്കൊള്ളക്കേസ് പുറത്തുവന്നതിന് ശേഷം തുടക്കത്തിൽ പദ്മകുമാറിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റേത്. എന്നാൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതോടെ പാർട്ടിക്കുള്ളിൽ വിമർശനം ശക്തമാവുകയും കടുത്ത നടപടി വേണമെന്ന ആവശ്യം ഉയരുകയും ചെയ്തു.
അവസാനം സസ്പെൻഷൻ നടപടി സ്വീകരിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. പിന്നീട് ഈ തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതോടെ പാർട്ടി നിലപാടിലും നടപടികളിലും കൂടുതൽ വ്യക്തത വരുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
