മലപ്പുറം: അനധികൃത മണൽ കടത്ത് തടയാൻ ശ്രമിച്ച പൊലീസുകാരെ ലോറിയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുതിയ കടപ്പുറം മുത്താട്ട് വീട്ടിൽ റാസിഖ് (29) ആണ് പിടിയിലായത്.
തിരൂർ സ്റ്റേഷനിലെ എസ്.ഐ അനീഷ്, എസ്‌സിപിഒ കെ.ആർ. രാജേഷ്, സിപിഒ ടോണി വർഗീസ് എന്നിവരെയാണ് ലോറി ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതെന്നാണ് കേസ്. കൂട്ടായി ഭാരതപ്പുഴ പ്രദേശത്ത് അനധികൃത മണൽ കടത്ത് തടയുന്നതിനായി പൊലീസ് യൂണിഫോമിൽ പട്രോളിങ് നടത്തുന്നതിനിടെയായിരുന്നു സംഭവം.
അനധികൃതമായി പുഴമണൽ കയറ്റി വന്ന ലോറി പാരിസ് ഭാഗത്ത് വെച്ച് പൊലീസ് കൈകാണിച്ച് നിർത്താൻ ശ്രമിച്ചപ്പോൾ, പ്രതി വാഹനം പൊലീസുകാരുടെ നേരെ ഓടിച്ചുകയറ്റുകയായിരുന്നുവെന്നാണ് ആരോപണം. തുടർന്ന് ലോറിയുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടർന്നു. ഇതിനിടെ ലോറിയുടെ പിൻഭാഗത്തെ ബോഡി ഉയർത്തി മണൽ റോഡിലേക്ക് തട്ടിയിട്ട് പൊലീസ് സഞ്ചരിച്ച വാഹനത്തിന് അപകടമുണ്ടാക്കാനും ഉദ്യോഗസ്ഥരെ അപായപ്പെടുത്താനും ശ്രമിച്ചുവെന്നാണ് കേസ്.
കൊലപാതകശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
