ഇടുക്കി: ഇടുക്കി അണക്കരയിൽ വാഹനാപകടത്തിൽ മരിച്ച പതിനെട്ടുകാരൻ ഷാനറ്റ് ഷൈജുവിൻറെ സംസ്കാരത്തിനുണ്ടായിരുന്ന പ്രതിസന്ധികൾ ഒഴിയുന്നു. കുവൈറ്റിൽ ജോലിക്ക് പോയി തടങ്കലിൽ കഴിയുന്ന അമ്മ ജിനുവിന് തിരികെയെത്താൻ അവസരം ഒരുങ്ങി.
ഏജൻസി ചതിച്ചതോടെയാണ് ജിനുവിനെ കുവൈറ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അണക്കര സ്വദേശി ഷാനറ്റ് ഷൈജുവും സുഹൃത്ത് അലനും ബൈക്കപകടത്തിൽ മരിച്ചത്.
ഷാനറ്റിൻറെ അമ്മ ജിനുവിന് നാട്ടിലെത്താൻ കഴിയാത്തതിനാൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രണ്ടര മാസം മുൻപാണ് ജിനു കുവൈറ്റിലെ ഒരു വീട്ടിൽ കുട്ടിയെ നോക്കാനുള്ള ജോലിക്ക് പോയത്. ജോലി ഭാരവും ആരോഗ്യ പ്രശ്നങ്ങളും മൂലം തുടരാൻ പറ്റാത്ത സ്ഥിതിയായി.
വാഗ്ദാനം ചെയ്ത ശമ്പളവും കിട്ടിയില്ല. ഏജൻസിയെ അറിയിച്ചപ്പോൾ ജീവനക്കാരെത്തി മറ്റൊരു സ്ഥലത്ത് തടവിലാക്കി. കുവൈറ്റ് മലയാളി അസ്സോസിയേഷൻ ഭാരവാഹികളുടെ സഹായത്തോടെ ഏജൻസിയുടെ തടങ്കലിൽ നിന്നു രക്ഷപെട്ട് ഇന്ത്യൻ എംബസിയിലെത്തി.
കോടതി നടപടികൾക്ക് ശേഷം തടങ്കലിലായിരുന്നു. താൽക്കാലിക പാസ്സ്പോർട്ട് ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച തിരികെ വരാനിരിക്കുമ്പോഴാണ് യുദ്ധവും കൊവിഡും വീണ്ടും പ്രതിസന്ധിയായത്. കുവൈത്തിലെ മലയാളി അസോസിയേഷനും യാക്കോബായ സഭാനേതൃത്വവും കേന്ദ്രമന്ത്രി സുരേഷ് ഗോപി, എംപിമാരായ ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി തുടങ്ങിയവരും വിഷയത്തിൽ ഇടപെട്ടിരുന്നു. എന്തായാലും ജീനുവിന് നാട്ടിലെത്താൻ വഴി ഒരുങ്ങിയിരിക്കുകയാണ്.
നാളെ (ജൂൺ 24) ഉച്ചയ്ക്ക് 12-ന് ഷാനറ്റിന്റെ മൃതദേഹം വീട്ടിലെത്തിക്കും. വൈകിട്ട് മൂന്നിന് അണക്കര ഏഴാം മൈൽ ഒലിവുമല പള്ളിയിൽ സംസ്കരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
