തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സ്ഥലംമാറ്റ നടപടികളെ ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെ പുതിയ തീരുമാനവും പ്രതിഷേധത്തിന് വഴിവെച്ചതായി റിപ്പോർട്ട്. കോൺഗ്രസ് അനുകൂല സംഘടനയുടെ സംസ്ഥാന പ്രസിഡന്റായ പി.ആർ. ശ്രീശങ്കറിനെ ദേവസ്വം ബോർഡ് ഹെഡ് ഓഫീസിൽ നിന്ന് വീണ്ടും സ്ഥലംമാറ്റിയതാണ് പുതിയ വിവാദത്തിന് കാരണം.
സ്ഥലംമാറ്റ പട്ടികയെ ചൊല്ലി നേരത്തേ തന്നെ കോൺഗ്രസ് അനുകൂല വിഭാഗങ്ങളിൽ അസംതൃപ്തി നിലനിന്നിരുന്നു. ഇതിന് പിന്നാലെ ശ്രീശങ്കറിന്റെ മാറ്റവും നടന്നതോടെ പ്രതിഷേധം കൂടുതൽ ശക്തമായിരിക്കുകയാണ്.
ശബരിമല സ്വർണക്കൊള്ള കേസിൽ ആരോപണവിധേയരായ ചില ഉദ്യോഗസ്ഥർക്ക് പ്രധാനപ്പെട്ട തസ്തികകൾ നൽകിയെന്ന ആരോപണവും വരുമാനം കൂടുതലുള്ള ക്ഷേത്രങ്ങളിലെ നിയമനങ്ങളിൽ പക്ഷപാതം കാണിച്ചെന്ന പരാതിയും ഉയർന്നിരുന്നു. ഈ വിഷയങ്ങളിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ ബോർഡിനോട് അതൃപ്തി അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ സ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ബോർഡിന് കത്തും നൽകിയിരുന്നു. കോൺഗ്രസ് അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ചില നിയമനങ്ങളിൽ രാഷ്ട്രീയ സ്വാധീനം ഉണ്ടായെന്ന പരാതിയും ഉന്നയിച്ചിരുന്നു.
പരാതികളുടെ പശ്ചാത്തലത്തിൽ ചേർന്ന ദേവസ്വം ബോർഡ് യോഗം, നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും ചട്ടലംഘനം നടന്നിട്ടില്ലെന്നാണ് വിലയിരുത്തിയത്. വിജിലൻസ് ക്ലിയറൻസ് ലഭിക്കാത്ത ഉദ്യോഗസ്ഥരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും നടപടിക്രമങ്ങളിൽ ഗുരുതര വീഴ്ചകളില്ലെന്നും ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി.
എന്നാൽ ഉയർന്ന പരാതികൾ പരിഗണിച്ച് 75 സ്ഥലംമാറ്റങ്ങളിൽ 20 എണ്ണത്തിൽ ഭേദഗതി വരുത്തുമെന്ന് ബോർഡ് നേരത്തെ അറിയിച്ചിരുന്നു. ഇതിനിടെയാണ് പുതിയ സ്ഥലംമാറ്റ നടപടിയും വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
