തൃശ്ശൂരിലെ അമല, ജൂബിലി മിഷൻ മെഡിക്കൽ കോളജുകളിലെ നഴ്സുമാർ നടത്തുന്ന സമരത്തിൽ കടുത്ത നിലപാട് ആവർത്തിച്ചു മാനേജ്‌മെന്റുകൾ . ശമ്പളവർധനവ് അംഗീകരിച്ചതിനെ തുടർന്ന് അമല മെഡിക്കൽ കോളജിൽ സമരം അവസാനിച്ചെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വ്യാജമാണെന്ന് അമല മാനേജ്‌മെന്റ് വ്യക്തമാക്കി.
നഴ്സുമാരുടെ ശമ്പളവുമായി ബന്ധപ്പെട്ട് സർക്കാർ നിശ്ചയിക്കുന്ന പൊതുമാനദണ്ഡങ്ങൾ മാത്രമേ പാലിക്കൂ എന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നും അമലയും ജൂബിലി മിഷനും സംയുക്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മാനേജ്‌മെന്റിന്റെ കടുംപിടുത്തം തുടരുന്നതിനിടെ സമരം കൂടുതൽ ശക്തമാക്കാനാണ് യുഎൻഎയുടെ തീരുമാനം. ഇതിന്റെ ഭാഗമായി അമല മെഡിക്കൽ കോളജിന് മുന്നിൽ ഇന്ന് മുതൽ അനിശ്ചിതകാല രാപ്പകൽ സമരം ആരംഭിക്കുമെന്ന് സംഘടന പ്രഖ്യാപിച്ചു.
സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതർ. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും മാനേജ്‌മെന്റ് അറിയിച്ചു.
കഴിഞ്ഞ മൂന്ന് മാസമായി സമരത്തിലുള്ള നഴ്സുമാർ സേവനത്തിന് ഹാജരാകാത്ത സാഹചര്യത്തിൽ ആശുപത്രി പ്രവർത്തനം സുഗമമാക്കാൻ പുതിയ ജീവനക്കാരെ നിയമിച്ചു തുടങ്ങിയതായും അധികൃതർ വ്യക്തമാക്കി. നിലവിൽ സമരം അവസാനിപ്പിച്ച് തിരിച്ചെത്തുന്നവരെ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്നും, ആശുപത്രിയിലെ ഒഴിവുകൾക്കനുസരിച്ച് മാത്രമേ പുനർനിയമനം നൽകാനാകൂവെന്നും മാനേജ്‌മെന്റ് അറിയിച്ചു. സമരത്തിൽ പങ്കെടുക്കുന്ന എല്ലാവരെയും ഒരുമിച്ച് തിരിച്ചെടുക്കാനുള്ള സാഹചര്യം നിലവിൽ ആശുപത്രികൾക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
