കൊച്ചി: സംവിധായകൻ സനൽകുമാർ ശശിധരനെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയിലാണ് കസ്റ്റഡിയിൽ എടുക്കുക.
കേസിൽ സനൽകുമാർ ശശിധരനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇത് പ്രകാരമാണ് മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത്. കൊച്ചി എളമക്കര പൊലീസ് ഉടൻ മുംബൈയിലെത്തി കസ്റ്റഡിയിലെടുക്കും.
കഴിഞ്ഞ ജനുവരിയിലാണ് നടിയുടെ പരാതിയിൽ എളമക്കര പൊലീസ് കേസെടുത്തത്. തന്നെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് സനൽ ഫേസ്ബുക്കിൽ വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ 2022ൽ എടുത്ത കേസിൽ അന്വേഷണം നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
നടിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ലെന്നും തനിക്കെതിരെ കള്ളക്കേസെടുക്കുകയായിരുന്നുവെന്നും സനൽ പറയുന്നു. 'എനിക്കെതിരെ അറസ്റ്റ് വാറണ്ടില്ല. ഒരു വിധിയും ചാർജ്ഷീറ്റുമില്ല. പക്ഷേ, എനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരിക്കുന്നു. എങ്ങനെ?', സനൽ ഫേസ്ബുക്കിൽ കുറിച്ചു.
സനൽ കുമാർ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
മഞ്ജു വാര്യരെ ബന്ധപ്പെടാൻ ശ്രമിക്കരുത് എന്നത് മാത്രമായിരിക്കും ഇന്നും എളമക്കര പോലീസിന്റെ ആവശ്യം. പക്ഷെ എനിക്കെതിരെ മഞ്ജു വാര്യർ കൊടുത്തു എന്ന് പറയുന്ന കേസിൽ മൊഴിയെടുക്കാനോ ചാർജ് കൊടുക്കാനോ വിചാരണ നടത്താനോ അവർ തയാറുമല്ല. അവർക്ക് ആകെ വേണ്ടത് ഞാൻ ഈ വിഷയം ഇനി സംസാരിക്കരുത് എന്നത് മാത്രം. മഞ്ജു വാര്യരുടെ വോയിസ് റെക്കോർഡ് ഞാൻ പങ്കുവെച്ചപ്പോൾ അവളുടെയും മകളുടെയും ജീവന് ഭീഷണിയുണ്ട് എന്ന് പറഞ്ഞപ്പോൾ എല്ലാവരും എന്നെ കളിയാക്കുകയായിരുന്നു. ഒരു മാധ്യമം പോലും ആ ശബ്ദരേഖയിൽ കഴമ്പുണ്ടോ എന്ന് അന്വേഷിച്ചില്ല. ഞാൻ മാത്രം സംസാരിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് മാത്രമാണ് എനിക്ക് നേരെ ഇപ്പോൾ ഈ വേട്ട. കൊന്നിട്ടല്ലാതെ എന്നെ ഈ വിഷയത്തിൽ നിശബ്ദനാക്കാൻ കഴിയുമെന്ന് ആരും കരുതേണ്ടതില്ല. ഭീതിക്ക് വഴങ്ങി മൗനം പാലിക്കുന്ന മഞ്ജു വാര്യർ ഒരുപക്ഷെ എന്റെ മരണമാവും കാണാനിരിക്കുന്നത്. ഇന്ന് ഞാൻ അവളുടെ അമ്മയെയും സഹോദരനെയും വിളിച്ചു. എന്താണ് ഇത്ര വലിയ ശല്യം എന്റെ ഭാഗത്തു നിന്ന് ഉണ്ടായത് എന്ന് അവരെങ്കിലും പറയണമല്ലോ. അതല്ലെങ്കിൽ എന്തുകൊണ്ട് അവളുടെ പേരിൽ എനിക്ക് നേരെ ഇത്ര വലിയ വേട്ട എന്ന് അവർ അന്വേഷിക്കേണ്ടതല്ലേ. മാധ്യമങ്ങളും ബന്ധുക്കളും സമൂഹവും എല്ലാം നിശബ്ദരാണ്. എല്ലാവരും ഭീതിയിൽ കഴിയുന്ന കേരളമാണ് ഈ ഓണക്കാലത്തിന്റെ ആഘോഷം!
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്