ദുബായ്: യുഎഇയില്‍ വിദേശികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം വന്‍ തുകകള്‍ തട്ടിയെടുത്ത് മുങ്ങുന്ന മലയാളി സംഘത്തിലെ രണ്ട് പേര്‍ക്കെതിരെ നിയമനടപടി ശക്തമാക്കി പാക്കിസ്ഥാന്‍ പൗരന്‍. ബിസിനസ് പങ്കാളിത്തവും ഉയര്‍ന്ന ലാഭവും വാഗ്ദാനം ചെയ്ത് 73 ലക്ഷത്തിലേറെ രൂപ (2,79,000 യുഎഇ ദിര്‍ഹം) തട്ടിയെടുത്ത മലപ്പുറം പൊന്നാനി പുറങ്ങ് സ്വദേശികളായ തായിപ്പറമ്പില്‍ മുഹമ്മദ് റഷീദ്, അനസ് മത്തുങ്ങല്‍ താഴത്തേതില്‍ എന്നിവര്‍ക്കെതിരെയാണ് ഇരയായ അല്ലാഹ് നൂര്‍ മാലിക് ഹാജി സാഹിബ് ജാന്‍ യുഎഇയിലും കേരളത്തിലും പരാതി നല്‍കിയിരിക്കുന്നത്.
വര്‍ഷങ്ങളായി അല്‍ ഐനിലെ ഒരേ കമ്പനിയില്‍ ജോലി ചെയ്തിരുന്നപ്പോഴാണ് മെറ്റീരിയല്‍ ഇന്‍സ്‌പെക്ടറായ അല്ലാഹ് നൂറും കണ്‍സള്‍ട്ടന്റ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന റഷീദും പരിചയപ്പെടുന്നത്. സൗഹൃദം വളര്‍ന്നതോടെ സ്വന്തമായി പുതിയ വ്യവസായ സംരംഭം തുടങ്ങാമെന്ന റഷീദിന്റെ നിര്‍ദേശത്തിന് അല്ലാഹ് നൂര്‍ സമ്മതം മൂളുകയായിരുന്നു. തുടര്‍ന്ന് റഷീദ് തന്റെ സുഹൃത്തായ അനസിനെയും ഈ പദ്ധതിയിലേക്ക് കൊണ്ടുവരികയും, ലാഭകരമായ പ്രോജക്റ്റുകള്‍ കൈവശമുണ്ടെന്ന് വിശ്വസിപ്പിച്ച് അല്ലാഹ് നൂറില്‍ നിന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍ നിന്നും ഘട്ടങ്ങളിലായി വന്‍തുക കൈക്കലാക്കുകയും ചെയ്തു. 2016 ഏപ്രിലില്‍ 2,64,000 ദിര്‍ഹം, 5,000 ദിര്‍ഹം എന്നിങ്ങനെ രണ്ട് ചെക്കുകളിലൂടെയാണ് പ്രധാനമായും തുക കൈമാറിയത്.
പണം തിരികെ ലഭിക്കാതായതോടെ അല്ലാഹ് നൂര്‍ സമ്മര്‍ദ്ദം ചെലുത്തുകയും, റഷീദ് ഉയര്‍ന്ന തുകയുടെ ചെക്കുകള്‍ തിരികെ നല്‍കുകയും ചെയ്‌തെങ്കിലും ബാങ്കില്‍ സമര്‍പ്പിച്ചപ്പോള്‍ അക്കൗണ്ടില്‍ പണമില്ലാതെ മടങ്ങുകയായിരുന്നു. തുടര്‍ന്ന് അല്ലാഹ് നൂര്‍ അല്‍ ഐന്‍ ക്രിമിനല്‍ കോടതിയെ സമീപിച്ചു. കേസില്‍ റഷീദ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷയും പിഴയും വിധിച്ച് ഉത്തരവിട്ടെങ്കിലും, ജയില്‍ശിക്ഷയില്‍ നിന്നും നിയമപരമായ ബാധ്യതകളില്‍ നിന്നും രക്ഷപ്പെടാനായി പ്രതി നാട്ടിലേക്ക് കടക്കുകയായിരുന്നു. നിലവില്‍ റഷീദ് ഫോണ്‍ അടക്കമുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് ഒളിവിലാണ്. അനസ് ഇപ്പോഴും യുഎഇയില്‍ തങ്ങുന്നുണ്ടെന്നാണ് സംശയിക്കുന്നത്.
തന്റെ ജീവിതസമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട അല്ലാഹ് നൂര്‍ ഇപ്പോള്‍ നീതി തേടി കേരളത്തിലെ നിയമസംവിധാനങ്ങളെ സമീപിച്ചിട്ടുണ്ട്. സംഭവം പൊന്നാനി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്നതിനാല്‍ ഡിവൈഎസ്പിക്കും എസ്എച്ച്ഒയ്ക്കും ഇമെയില്‍ വഴി പരാതി അയച്ചു നല്‍കി. വിദേശ കോടതിയുടെ വിധിപ്പകര്‍പ്പുകളും ബൗണ്‍സായ ചെക്കിന്റെ രേഖകളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ മലപ്പുറം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്കും അപേക്ഷ സമര്‍പ്പിച്ചു.
തനിക്ക് മലയാളികളോടും കേരളീയ സമൂഹത്തോടും ഇപ്പോഴും വലിയ ബഹുമാനമുണ്ടെന്നും എന്നാല്‍ ആ പ്രൊഫഷണല്‍ സൗഹൃദത്തെ ചിലര്‍ വ്യക്തിപരമായ സ്വാര്‍ത്ഥതയ്ക്കായി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും അല്ലാഹ് നൂര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
