കൊച്ചി: താരസംഘടന 'അമ്മ'യിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി സംഘടനയിലെ ഒരു വിഭാഗം നടിമാർ. പ്രസിഡന്റ് ശ്വേത മേനോനെതിരെ ഗുരുതര ആരോപണങ്ങളുമായി നടിമാരായ മാലാ പാർവതി, അൻസിബ ഹസൻ, ഉഷ ഹസീന, മായ വിശ്വനാഥ് എന്നിവർ സംയുക്ത വാർത്താസമ്മേളനം നടത്തി.
അദാനി ഗ്രൂപ്പിൽ നിന്ന് 'അമ്മ'യ്ക്ക് 15 കോടി രൂപ സംഭാവന ലഭിക്കുമെന്ന ബിജെപി നേതാവ് പദ്മജ മേനോൻ നടത്തിയ പരാമർശത്തിന്റെ വീഡിയോ പ്രദർശിപ്പിച്ച മാലാ പാർവതി, ഒരു മൾട്ടിനാഷണൽ കമ്പനിയിൽ നിന്ന് സംഘടനയ്ക്ക് പണം സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി.
ശ്വേത മേനോന് ഏത് രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടായാലും അതിൽ എതിർപ്പില്ലെന്നും, എന്നാൽ സംഘടനയിൽ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ശ്രമിച്ചാൽ അതിനെ എതിർക്കുമെന്നും മാലാ പാർവതി പറഞ്ഞു. അൻസിബ ഹസനെ മതത്തിന്റെ പേരിൽ ലക്ഷ്യമിട്ടും ധ്രുവീകരണം സൃഷ്ടിക്കാനും ശ്രമിച്ചുവെന്നാണ് അവരുടെ ആരോപണം.
ജനറൽ ബോഡിയിൽ തനിക്ക് സംസാരിക്കാൻ അവസരം നിഷേധിച്ചെന്നും, ശ്വേത മേനോനുമായി തർക്കമുണ്ടായ ശേഷമാണ് താനടക്കം ചിലരെ ഗൂഢാലോചനക്കാരായി ചിത്രീകരിച്ചതെന്നും മാലാ പാർവതി ആരോപിച്ചു. അൻസിബ നാല് പേരെ മതംമാറ്റാൻ ശ്രമിച്ചുവെന്ന് ശ്വേത തന്നോട് പറഞ്ഞിരുന്നുവെന്നും, അത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ സിനിമാ മേഖലയ്ക്ക് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ പറഞ്ഞു.
സംഘടനയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമം നടക്കുകയാണെന്നും, കലാകാരന്മാരെ ജാതി-മതത്തിന്റെ പേരിൽ വിഭജിക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും മാലാ പാർവതി വ്യക്തമാക്കി.
നടി അൻസിബ ഹസനെ വർഗീയവാദിയും ജിഹാദിയുമായി ചിത്രീകരിച്ച് ഒറ്റപ്പെടുത്താൻ ശ്രമിച്ചതായി മാലാ പാർവതി ആരോപിച്ചു. ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സാമ്പത്തിക ക്രമക്കേടുകളുടെ പേരിലാണ് തകർന്നതെന്നും അൻസിബ ഹസൻ പറഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തുവന്ന ശ്വേത മേനോന്റെയും നടൻ രമേഷ് പിഷാരടിയുടെയും ഫോൺ സംഭാഷണത്തിലെ ആരോപണങ്ങൾക്കും വാർത്താസമ്മേളനത്തിൽ മറുപടി നൽകി.
അതേസമയം, ആരോപണങ്ങൾക്കെതിരെ ശ്വേത മേനോന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. 'അമ്മ'യിലെ ആഭ്യന്തര തർക്കം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ ആരോപണങ്ങൾ പുറത്തുവന്നിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
