കോഴിക്കോട്: വാച്ച് മോഷ്ടിച്ചെന്ന വ്യാജ ആരോപണം ഉന്നയിച്ച് കൊടുവള്ളി കിഴക്കോത്ത് 12 വയസ്സുകാരന് നേരെ പിതൃസഹോദരന്റെയും കുടുംബത്തിന്റെയും ക്രൂരമായ മര്‍ദനം. അക്രമം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കുട്ടിയുടെ പിതാവിന്റെ സഹോദരനും ഭാര്യയും മകനും ചേര്‍ന്നാണ് ഈ നിഷ്ഠൂര കൃത്യം നടത്തിയത്. കാണാതായെന്ന് പറഞ്ഞ വാച്ച് പിന്നീട് സമീപത്തെ പള്ളിയില്‍ നിന്ന് കണ്ടെത്തിയതോടെയാണ് വ്യാജ ആരോപണത്തിന്റെ ചുരുളഴിഞ്ഞത്.
വീടിന് തൊട്ടടുത്ത് താമസിക്കുന്ന മൂത്താപ്പയുടെ വീട്ടില്‍ പതിവായി പോകാറുള്ള കുട്ടിയെ, വാച്ച് കാണാതായതിനെ തുടര്‍ന്നാണ് പിതാവിനോട് ചോദിച്ച് അങ്ങോട്ട് കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് മുറിക്കുള്ളില്‍ കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. കരച്ചില്‍ പുറത്തുകേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയ ശേഷമായിരുന്നു മര്‍ദനം. ഇരുമ്പ് കമ്പികൊണ്ട് അടിക്കുകയും കയ്യിലെയും കാലിലെയും വിരലുകള്‍ക്കുള്ളിലേക്ക് ഈര്‍ക്കില്‍ തുളച്ചുകയറ്റുകയും ചെയ്തു. ഇതിന് പുറമെ മുറിവുകളില്‍ നാരങ്ങാനീരും ഉപ്പും പുരട്ടുകയും കണ്ണില്‍ മുളക് തേക്കുകയും ചെയ്തു. വിവരം പുറത്തുപറഞ്ഞാല്‍ ബ്ലേഡ് കൊണ്ട് മുറിക്കുമെന്നും മുളകുപൊടി തേക്കുമെന്നും ഭീഷണിപ്പെടുത്തിയതായി കുട്ടി വെളിപ്പെടുത്തി.
അതിക്രമങ്ങള്‍ക്കിടയില്‍ രാത്രിയില്‍ രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയ കുട്ടിയോട് പോലീസിന്റെ ഭാഗത്തുനിന്നും കടുത്ത അനാസ്ഥയാണുണ്ടായത്. കുട്ടിയെ സംരക്ഷിക്കുന്നതിന് പകരം, പരാതിക്കാരായ പ്രതികളെ തന്നെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അവരുടെ കൂടെ കുട്ടിയെ തിരിച്ചയക്കുകയാണുണ്ടായത്. പിന്നീട് വീട്ടിലെത്തിയ ശേഷമാണ് കുട്ടി ക്രൂരതയുടെ വിവരങ്ങള്‍ വീട്ടുകാരോട് വെളിപ്പെടുത്തിയത്.
സംഭവം വിവാദമാവുകയും പോലീസ് കേസെടുക്കുകയും ചെയ്തതോടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രതികള്‍ തീവ്രശ്രമം ആരംഭിച്ചിട്ടുണ്ട്. പരാതി പിന്‍വലിച്ചാല്‍ കുട്ടിക്ക് സൈക്കിളും പണവും നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്ന പ്രതികളുടെ വോയ്സ് ക്ലിപ്പുകളും പുറത്തുവന്നു. കുട്ടിയുടെ ശരീരത്തിലാകമാനം ക്രൂരമായ മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്. സംഭവത്തില്‍ പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
