റായ്പുർ: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ആയുധപൂജയ്ക്കിടെ എകെ-47 തോക്കുപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്ത ഐപിഎസ് ഉദ്യോഗസ്ഥയുടെ നടപടി വിവാദത്തിൽ. ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലാ പൊലീസ് മേധാവി അങ്കിത ശർമയാണ് സംഭവത്തിൽ വിമർശനം നേരിടുന്നത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു.
രാജ്നന്ദ്ഗാവ് നഗരത്തിലെ പൊലീസ് ലൈനിൽ നടന്ന ചടങ്ങിൽ പൊലീസിന്റെ ആയുധങ്ങളും വാഹനങ്ങളും പൂജിച്ചിരുന്നു. ചടങ്ങിനുശേഷമാണ് അങ്കിത ശർമ എകെ-47 ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്തത്. പത്തോളം തവണ വെടിയുതിർക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അഡീഷനൽ എസ്‌പി കീർത്തൻ റാത്തോറും സമാനമായി വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി അരുൺ സാവോ വ്യക്തമാക്കി. ഇത്തരം വെടിവെപ്പുകൾ അപകടങ്ങൾക്ക് വഴിവെക്കാമെന്നും അവ ഒഴിവാക്കേണ്ടതാണെന്നും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ ആർ.കെ. വിജ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ആയുധം കൈകാര്യം ചെയ്ത രീതിയെ മുൻ സൈനിക ഉദ്യോഗസ്ഥൻ കെ.ജി.എസ്. ദില്ലനും വിമർശിച്ചു. ലോഡ് ചെയ്ത തോക്ക് ഉപയോഗിച്ചുള്ള വെടിവെപ്പ് അതീവ അപകടകരമാണെന്നും ആയുധങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടതായും അദ്ദേഹം സമൂഹമാധ്യമ കുറിപ്പിൽ ആരോപിച്ചു.
പശ്ചാത്തലത്തിൽ ആളുകൾ നിൽക്കുമ്പോൾ തോക്ക് ഉപയോഗിച്ചത് അപകടസാധ്യത വർധിപ്പിക്കുന്നതാണെന്നും ഔദ്യോഗിക ചുമതലയ്ക്കുള്ള സർവീസ് ആയുധം ഇത്തരത്തിൽ ഉപയോഗിച്ചത് അംഗീകരിക്കാനാകില്ലെന്നും ദില്ലൻ അഭിപ്രായപ്പെട്ടു. അടിസ്ഥാന ആയുധപരിശീലനത്തിലെ സുരക്ഷാ നടപടികൾ പോലും പാലിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അച്ചടക്കലംഘനങ്ങൾക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
