തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ രജതജൂബിലി പിന്നിടുമ്പോൾ കോൺഗ്രസ് നേതാവ് സോണിയാഗാന്ധി ഇരിപ്പിടം ഒന്നു മാറ്റി. പച്ച പരവതാനിയിൽനിന്ന് ചുവപ്പിലേക്ക്. രാജസ്ഥാനിൽനിന്ന് രാജ്യസഭയിലേക്ക് പോകുമ്പോൾ ഒഴിച്ചിടുന്ന റായ്ബറേലിയിൽ അപ്പോൾ പുതിയ അവകാശി വേണ്ടേ? അത് ഗാന്ധി കുടുംബത്തിൽനിന്ന് തന്നെ ഒരാളായിരിക്കും എന്നതിൽ കോൺഗ്രസ് നേതാവ് ജയറാം മേശിന് തെല്ലും സംശയമില്ല. മഹാഭൂരിപക്ഷം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അതുതന്നെ ആഗ്രഹിക്കുന്നുണ്ടാകും. അത് ആരായിരിക്കും?
സത്യത്തിൽ കോൺഗ്രസിന് മുന്നിൽ മൂന്ന് വഴികളുണ്ട്.
ഓപ്ഷൻ വൺ: പ്രിയങ്ക ഗാന്ധിയെ ഇളം മുറക്കാരിയാക്കി, എക്കാലവും നെഹ്‌റു കുടുംബത്തെ ചേർത്തു നിർത്തിയ മണ്ഡലം കൈവിടാതെ സൂക്ഷിക്കുക. ഓപ്ഷൻ ടു: രാഹുൽ ഗാന്ധിയെ റായ്ബറേലി ഏൽപ്പിച്ച് പ്രിയങ്കയെ അമേത്തി തിരിച്ചുപിടിക്കാനുള്ള ദൗത്യമേൽപ്പിക്കുക. ധൈര്യമുണ്ടെങ്കിൽ അമേത്തിയിൽ വീണ്ടും മത്സരിക്കൂ എന്ന സ്മൃതി ഇറാനിയുടെ വെല്ലുവിളിക്ക് മറ്റൊരു മറുപടി. രാഷ്ട്രീയത്തിൽ പരീക്ഷണങ്ങൾ എന്നും ത്രസിപ്പിക്കുന്നതാണല്ലോ.
ഓപ്ഷൻ ത്രി: ജയറാം രമേഷിനെ പോലെയുള്ള എല്ലാ കോൺഗ്രസ് നേതാക്കളുടെയും പ്രതീക്ഷകളെയും ആഗ്രഹങ്ങളെയും തല്ലിക്കെടുത്തി നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് ഒരാളെ റായ് ബറേലിയിൽ സ്ഥാനാർഥിയാക്കുക. മണ്ഡലം ഒരു കുടുംബത്തിന് തീറെഴുതി കൊടുത്തു എന്ന ബി.ജെ.പിയുടെ നിരന്തര പരിഹാസത്തിനുള്ള മറുപടി.
മൂന്നാം ഓപ്ഷൻ ആർക്കും അത്ര സ്വീകാര്യമാകില്ല. രാഷ്ട്രീയ മത്സരം, പരീക്ഷണങ്ങളിലൂടെ കൈവിടേണ്ട ഒന്നല്ലല്ലോ. ജയം ഉറപ്പാക്കുന്ന ഫോർമുലകൾ ഉണ്ടാക്കുക തന്നെയാണ് പ്രധാനം.
കോൺഗ്രസ് തെരഞ്ഞെടുക്കുന്ന ഏത് ഓപ്ഷനും മേലെ, കിട്ടിയ അവസരം നഷ്ടപ്പെടാതെ നോക്കുക എന്നതാകും ബി.ജെ.പി യുദ്ധമുറിയുടെ ലക്ഷ്യം. 'അമേത്തി കേവൽ ഝാക്കി ഹെ, റായ് ബറേലി ബാക്കി ഹെ' എന്ന് വിളിക്കാനുള്ള പണവും തന്ത്രവും ബി.ജെ.പി ഒഴുക്കി തുടങ്ങിയിട്ടുണ്ടാകണം. ഇലക്ടറൽ ബോണ്ട് ഇല്ലാത്തപ്പോഴും നോട്ട് നിരോധിച്ചപ്പോഴുമെല്ലാം കുചേല കഥയുടെ സംഗ്രഹം ഉരുവിട്ടുകൊണ്ട് ഫണ്ട് വരാനും ചെലവഴിക്കാനുമുള്ള തന്ത്രങ്ങൾ നന്നായി മനസ്സിലാക്കിയ പാർട്ടിയാണ് ബി.ജെ.പി.
റായ് ബറേലിയുടെ ചരിത്രം ചികഞ്ഞാൽ കോൺഗ്രസിന് ആശ്വാസവും പൊള്ളലും നൽകിയത് ഓർമ്മയിലെത്തും.
1952ൽ ഫിറോസ് ഗാന്ധി ജയിച്ചതു മുതൽ ഇങ്ങോട്ട് മൂന്ന് തവണ മാത്രമേ പാർട്ടിക്ക് മണ്ഡലം കൈവിട്ടുപോയിട്ടുള്ളൂ എന്നതാണ് ആശ്വാസം. പക്ഷെ 1977ൽ, അടിയന്തരാവസ്ഥ കഴിഞ്ഞയുടൻ, ഇന്ദിരാഗാന്ധിയെ വീഴ്ത്തി ജനതാ പാർട്ടി നേതാവ് രാജ് നാരായൺ ജയിച്ചത് ഒരു ദുഃസ്വപ്‌നമായി എന്നും കോൺഗ്രസിനേ വേട്ടയാടും. 1996ലും 98ലും ബി.ജെ.പിയുടെ അശോക് സിങ് ജയിച്ചത് മാത്രമാണ് മറ്റൊരു അപവാദം. 1999ൽ അമേത്തിയിൽ തെരഞ്ഞെടുപ്പുപോര് തുടങ്ങിയ സോണിയ ഗാന്ധി, 2004ൽ ആ മണ്ഡലം രാഹുലിന് ഒഴിഞ്ഞുകൊടുത്താണ്, റായ്ബറേലിയിലേക്ക് ചേക്കേറിയത്. പിന്നെ നാല് തെരഞ്ഞെടുപ്പുകളിലും തുടർച്ചയായി അവിടെ ജയിച്ചു. ഇടയ്ക്ക് ഇരട്ടപദവി കുരുക്കിൽ പെട്ട് രാജിവെച്ച് വീണ്ടും ജനവിധി തേടിയപ്പോഴും റായ്ബറേലി സോണിയെയും കോൺഗ്രസിനെയും കൈവിട്ടില്ല.
സോണിയയ്ക്ക് മുമ്പ് ഇന്ദിരാഗാന്ധി മൂന്ന് തവണ അവിടെ ജയിച്ചു. അതിന് മുമ്പ് രണ്ട് തവണ, 1952ൽ ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പിലും 57ലും ഇന്ദിരയുടെ ഭർത്താവ് കൂടിയായ കോൺഗ്രസ് നേതാവ് ഫിറോസ് ഗാന്ധിയെ ജയിപ്പിച്ചു. 1980ലും 84ലും നെഹ്‌റുവിന്റെ ചെറു അനന്തരവൻ അരുൺ നെഹ്‌റു ജയിച്ചു. 1989ലും 91ലും നെഹ്‌റു കുടുംബത്തിൽനിന്നുള്ള ഷീല കൗൾ മണ്ഡലം കോൺഗ്രസിനായി ഉറപ്പിച്ചു. 1960ലെ ഉപതെരഞ്ഞെടുപ്പിലും 62ലും 99ലും മാത്രമാണ് നെഹ്‌റു കുടുംബത്തിന് പുറത്ത് ഒരാൾ ആ മണ്ഡലത്തിൽ കോൺഗ്രസിനായി ജനവിധി തേടിയത്.
സോണിയ ഗാന്ധി ഒരുകാര്യം തിരിച്ചറിഞ്ഞുട്ടുണ്ട്. വയസ്സ് 77 പിന്നിട്ടു. രോഗം കലശലായി. പൊതുതെരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക് വീണ്ടും ആഴ്ന്നിറങ്ങുന്നതിനേക്കാൾ നല്ലത് പുതു തലമുറയ്ക്ക് വഴിമാറുകയെന്നതാണ്. പ്രിയങ്ക മത്സര രംഗത്തേക്ക് വരുമ്പോൾ അത് കോൺഗ്രസിന് കൂടുതൽ ഉണർവുണ്ടാകും എന്നത് തർക്കമില്ല. മാത്രമല്ല, ദേശീയ തലത്തിൽ റായ്ബറേലി മത്സരത്തിന് ഇത്തവണ ഉശിര് കൂടുകയും ചെയ്യും. 2019ൽ അമേത്തിയിൽ തോറ്റെങ്കിലും രാഹുൽ ഗാന്ധി ഇത്തവണ വീണ്ടും അവിടെകൂടി ജനവിധി തേടാം എന്ന് തീരുമാനിച്ചാൽ, യുപി കോൺഗ്രസിൽ മാത്രമല്ല, ദേശീയ തലത്തിൽതന്നെ അത് കോൺഗ്രസ് പ്രവർത്തകർക്ക് കൂടുതൽ ആത്മവിശ്വാസമേകുന്നതാകും.
ബി.ജെ.പിക്ക് ഉണ്ടോ പ്ലാൻ എയും ബിയും?
കോൺഗ്രസ് മുക്തഭാരതം യാഥാർഥ്യമാക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. സോണിയ, രാഹുൽ, പ്രിയങ്ക എന്നിങ്ങനെ നെഹ്‌റുഗാന്ധി കുടുംബത്തെ നേരിട്ട് എതിർത്തും വരിഞ്ഞുമുറുക്കാനുമുള്ള ശ്രമം രാഷ്ട്രയമായും ഭരണതലത്തിലും ബി.ജെ.പി നിരന്തരം പ്രയോഗിക്കുന്നു. അമേത്തിയിൽ അതിന്റെ ഫലം കഴിഞ്ഞതവണ കണ്ടു. തോൽവി ആദ്യമേ മുന്നിൽകണ്ടാണ് രാഹുൽ കേരളത്തിൽ വയനാട്ടിലേക്ക് കൂടി കാലുവെച്ചത്. സോണിയ ഇത്തവണ ഉണ്ടായാലും ബി.ജെ.പിയുടെ ലക്ഷ്യം റായ് ബറേലി കൂടി സ്വന്തമാക്കുകയെന്നതാകും. യുപിയിൽ കോൺഗ്രസിന് സീറ്റ് വട്ടപൂജ്യം എന്ന ലക്ഷ്യം. സോണിയ മാറുമ്പോൾ ബി.ജെ.പിക്ക് പ്ലാൻ എ മാത്രം മതിയാകുമോ? പ്രിയങ്ക അണികൾക്കിടയിൽ ഒരുപക്ഷെ സോണിയയേക്കാൾ ആരവവും ആത്മവിവിശ്വാസവും നൽകുന്ന സ്ഥാനാർഥിയാകും. രാഹുൽ വരുന്നതിന് മുന്നേ ഇന്ദിരയുടെ മുഖച്ഛായയോടെ കോൺഗ്രസിന്റെ പുതുനേതാവായി പ്രിയങ്കയെ സ്വീകരിച്ചവരാണ് ബഹുഭൂരിപക്ഷം വരുന്ന കോൺഗ്രസ് പ്രവർത്തകർ. അവരുടെ ആവേശത്തെ തളർത്താൻ ബി.ജെ.പിക്ക് നന്നായി പ്രയത്‌നിക്കേണ്ടിവരും.
അമേത്തിയിൽനിന്ന് റായ് ബറേലിയിലേക്ക് കഷ്ടി 60 കിലോമീറ്റർ മാത്രമേയുള്ളൂ. അയോധ്യയിൽനിന്ന് 120 കിലോമീറ്ററും. രാഹുലിനെ വീഴ്ത്തിയ ആവേശവും രാമക്ഷേത്രമെന്ന ബി.ജെ.പിയുടെ ബൂസ്റ്റർ ഡോസും മാത്രം മതിയാകുമോ റായ്ബറേലിയിലെ പ്രിയങ്കയുടെ ഊർജത്തെ പിടിച്ചുകെട്ടാൻ. കോൺഗ്രസ് രാഷ്ട്രീയത്തെ ഏറെക്കുറേ പൂർണമായി കയ്യൊഴിഞ്ഞ യുപിയിൽ ബി.ജെ.പിയുടെ തീവ്രഹിന്ദുത്വവേരുകൾ നല്ലതുപോലെ ആഴ്ന്നിറങ്ങിയിട്ടുണ്ട്. അതിലൂന്നിയാകും ബി.ജെ.പിയുടെ പ്ലാൻ എ. ആ തറയിൽനിന്ന് റായ് ബറേലികൂടി പിടിച്ചെടുക്കാൻ നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും മറ്റൊരു സ്മൃതി ഇറാനിയെ കണ്ടെത്തേണ്ടവരും.
ചൗക്കിദാർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്