ന്യൂഡല്‍ഹി: സ്വന്തം ശരീരത്തെക്കുറിച്ചും നല്ലതും മോശവുമായ സ്പര്‍ശങ്ങളെക്കുറിച്ചും കുട്ടികളെ വ്യക്തമായി പഠിപ്പിക്കാന്‍ സ്‌കൂളുകളില്‍ പ്രത്യേക ബോധവത്കരണം ഉറപ്പാക്കണമെന്ന നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി. ലൈംഗിക വിദ്യാഭ്യാസത്തിന്റെയും ഡിജിറ്റല്‍ സുരക്ഷാ പാഠ്യപദ്ധതിയുടെയും ഭാഗമായി ഈ വിഷയങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങളും ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് ജെ.ബി പര്‍ദിവാല അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കായി നിര്‍ണായക മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്‌കൂള്‍ ക്ലാസ്മുറികള്‍, ഹോസ്റ്റലുകള്‍, ലൈബ്രറികള്‍, കംപ്യൂട്ടര്‍ ലാബുകള്‍ തുടങ്ങി അവര്‍ പ്രധാനമായും ഉപയോഗിക്കുന്ന മുഴുവന്‍ സ്ഥലങ്ങളിലും ബാലസുരക്ഷാ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം. ഏതെങ്കിലും രീതിയിലുള്ള ചൂഷണങ്ങളെക്കുറിച്ചോ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചോ കുട്ടികള്‍ പരാതിപ്പെടുകയാണെങ്കില്‍ ഉടന്‍തന്നെ ശരിയായ രീതിയില്‍ പ്രതികരിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അധ്യാപകര്‍ക്ക് കൃത്യമായ പരിശീലനം നല്‍കേണ്ടതുണ്ട്.
കുട്ടികള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തുടര്‍ച്ചയായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. അക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാകുന്ന കുട്ടികള്‍ക്ക് സൗജന്യ കൗണ്‍സലിങ്, ആവശ്യമായ വൈദ്യസഹായം, മാനസിക പിന്തുണ എന്നിവ ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ ബാധ്യസ്ഥരാണെന്നും കോടതി ഓര്‍മിപ്പിച്ചു. കൂടാതെ സൈബറിടങ്ങളില്‍ പ്രചരിക്കുന്ന കുട്ടികളുടെ ലൈംഗികചൂഷണ ദൃശ്യങ്ങള്‍ അടിയന്തരമായി കണ്ടെത്തി നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി കര്‍ശനമായി നിര്‍ദേശിച്ചു.
കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം തടയുന്നതുമായി ബന്ധപ്പെട്ട 2024 ലെ വിധി പൂര്‍ണമായി പാലിക്കപ്പെടുന്നില്ലെന്ന ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
