തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കിലും സര്‍ച്ചാര്‍ജിലും വലിയ വര്‍ധനവിന് വഴിതുറന്ന് റെഗുലേറ്ററി കമ്മിഷന്‍ പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു. വൈദ്യുതി ബോര്‍ഡിന്റെ 5000 കോടി രൂപയുടെ മുന്‍കാല നഷ്ടം നാല് വര്‍ഷം കൊണ്ട് സര്‍ച്ചാര്‍ജിലൂടെ ഉപയോക്താക്കളില്‍ നിന്ന് ഈടാക്കാനാണ് തീരുമാനം. 2027 ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്കുകളും സര്‍ച്ചാര്‍ജും പ്രാബല്യത്തില്‍ വരും. 2027-28 മുതല്‍ 2031-32 വരെയുള്ള അഞ്ച് വര്‍ഷത്തെ വൈദ്യുതി നിരക്ക് നിശ്ചയിക്കുന്നത് ഈ നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
വ്യാവസായിക ഉപയോക്താക്കള്‍ക്ക് ബില്ലിന്റെ നിശ്ചിത നിരക്കായും മറ്റ് ഉപയോക്താക്കള്‍ക്ക് ഫിക്‌സഡ് ഡെപ്പോസിറ്റിന്റെയും വൈദ്യുതി നിരക്കിന്റെയും നിശ്ചിത ശതമാനമായും സര്‍ച്ചാര്‍ജ് ഈടാക്കും. ഇതിന് പുറമെ ഇന്ധന സര്‍ച്ചാര്‍ജിലും കാര്യമായ വര്‍ധനവിന് സാധ്യതയുണ്ട്. ദീര്‍ഘകാല കരാറുകള്‍ക്ക് പുറമെ ഹ്രസ്വകാല, അടിയന്തര വൈദ്യുതി വാങ്ങലുകള്‍ മൂലമുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയും ഇനി മുതല്‍ ഇന്ധന സര്‍ച്ചാര്‍ജില്‍ ഉള്‍പ്പെടുത്തും.
റെഗുലേറ്ററി കമ്മിഷന്റെ മുന്‍കൂട്ടിയുള്ള അംഗീകാരമില്ലാതെ തന്നെ ബോര്‍ഡിന് ഈ തുക നേരിട്ട് ഈടാക്കാവുന്നതാണ്. എന്നാല്‍ ശരാശരി വൈദ്യുതി വിലയുടെ നാല് ശതമാനത്തില്‍ കൂടുതല്‍ തുക ഇങ്ങനെ നേരിട്ട് ഈടാക്കുന്നതിന് നിയന്ത്രണമുണ്ടാകും. വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള പീക്ക് സമയത്തില്‍ വരുത്തിയ മാറ്റവും ഉപയോക്താക്കള്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കും. വൈകിട്ട് ആറ് മുതല്‍ രാത്രി 10 വരെയായിരുന്ന പീക്ക് സമയം ഇനി മുതല്‍ രാത്രി 11.30 വരെയായി ദീര്‍ഘിപ്പിച്ചു. ഈ സമയങ്ങളില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതിനായി കൂടുതല്‍ വിഭാഗം ഉപയോക്താക്കള്‍ക്ക് ടി.ഒ.ഡി മീറ്ററുകള്‍ സ്ഥാപിക്കാന്‍ നയം നിര്‍ദേശിക്കുന്നുണ്ട്. അതേസമയം രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയും രാത്രി 11.30 മുതല്‍ രാവിലെ എട്ട് വരെയുമുള്ള സമയങ്ങളില്‍ നിരക്കില്‍ ഇളവ് നല്‍കാനും നിര്‍ദേശമുണ്ട്.
വിതരണ ചെലവിന് അനുസൃതമായി നിരക്ക് നിശ്ചയിക്കണമെന്ന സുപ്രീം കോടതി വിധി പൂര്‍ണമായി പാലിച്ചുകൊണ്ടായിരിക്കും പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കുക. ഗാര്‍ഹിക ഉപയോക്താക്കളുടെ ഫിക്‌സഡ് ചാര്‍ജ് ഇനി മുതല്‍ കണക്റ്റഡ് ലോഡിന്റെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുന്നത്. കൂടാതെ, വീടുകളില്‍ സംഭരണ സംവിധാനം ഏര്‍പ്പെടുത്തി രാത്രി സമയങ്ങളില്‍ ഗ്രിഡിലേക്ക് വൈദ്യുതി തിരികെ നല്‍കുന്നവര്‍ക്ക് ആകര്‍ഷകമായ വില നല്‍കാനും പുതിയ താരിഫ് നയത്തില്‍ വ്യവസ്ഥയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
