മുംബൈ: വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ട ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ പുതിയ ചിത്രങ്ങൾ പുറത്ത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ താരത്തിന്റെ വസതിയിലെത്തി സന്ദർശിച്ചതിന് പിന്നാലെയാണ് ചിത്രങ്ങൾ പുറത്തുവന്നത്. വലതുകൈയിൽ ബാൻഡേജും വലതു തോളിലും നെഞ്ചിലും ഇടത് കൈത്തണ്ടയിലും ഡ്രസ്സിങ്ങുമായാണ് ചിത്രങ്ങളിൽ ടൈഗർ ഷ്റോഫ് പ്രത്യക്ഷപ്പെടുന്നത്.
ഞായറാഴ്ച അർധരാത്രിയോടെയാണ് ഷിൻഡെ താരത്തെ സന്ദർശിച്ചത്. സംഭവത്തെത്തുടർന്ന് ടൈഗർ ഷ്റോഫും അമ്മ ആയിഷ ഷ്റോഫും വലിയ മാനസികാഘാതത്തിലാണെന്ന് സന്ദർശനത്തിനുശേഷം ഷിൻഡെ മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിൽ അഞ്ച് റൗണ്ട് വെടിയുതിർത്തതായും ഭാഗ്യവശാൽ താരം സുരക്ഷിതനായെന്നും അദ്ദേഹം വ്യക്തമാക്കി. താരത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പിനിടെ ചില്ലുകഷ്ണങ്ങളും മറ്റും തെറിച്ചാണ് ടൈഗറിന്റെ ഇടതുകൈയ്ക്ക് പരിക്കേറ്റതെന്നും ഷിൻഡെ പറഞ്ഞു.
മുംബൈയിൽ ഗുണ്ടായിസവും ഭീഷണിയും അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. താരത്തിനും കുടുംബത്തിനും സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും ആക്രമണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 1990കളിൽ മുംബൈയിൽ പതിവായിരുന്ന ഗുണ്ടാ ആക്രമണങ്ങൾ പൊലീസ് നിയന്ത്രണവിധേയമാക്കിയതുപോലെ ഇത്തരം സംഭവങ്ങൾ വീണ്ടും ഉണ്ടാകാതിരിക്കാൻ നടപടിയെടുക്കുമെന്നും ഷിൻഡെ കൂട്ടിച്ചേർത്തു.
ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് മുംബൈയിലെ ഒരു ഫുട്ബോൾ ക്ലബ്ബിൽനിന്ന് പുറത്തിറങ്ങുന്നതിനിടെ ടൈഗർ ഷ്റോഫിന് നേരെ വെടിവെപ്പുണ്ടായത്. അജ്ഞാത സംഘം വെടിയുതിർക്കുകയായിരുന്നുവെന്നും തലനാരിഴയ്ക്കാണ് താരം രക്ഷപ്പെട്ടതെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ മോഹിത് ഗാർഗ് പറഞ്ഞു. നടന്റെ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. ഡ്രൈവർക്ക് വെടിയേറ്റതായാണ് റിപ്പോർട്ടുകൾ. ടൈഗർ ഷ്റോഫിന് വെടിയേറ്റിട്ടില്ലെന്നാണ് വിവരം.
ജുഹു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ലോറൻസ് ബിഷ്‌ണോയ് സംഘവുമായി ബന്ധമുള്ള ഗുണ്ടാനേതാവ് അനിൽ പണ്ഡിറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തെത്തുടർന്ന് മഹാരാഷ്ട്രയിലെ ക്രമസമാധാന നിലയെ ചോദ്യംചെയ്ത് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
