ന്യൂഡെല്‍ഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ താലിബാന്‍ ആക്ടിംഗ് വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്താക്കിയുമായി ഫോണില്‍ ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ 'അവിശ്വാസം സൃഷ്ടിക്കാനുള്ള' ശ്രമങ്ങള്‍ അഫ്ഗാന്‍ താലിബാന്‍ ഭരണകൂടം തള്ളയതിനെ ഇന്ത്യ സ്വാഗതം ചെയ്തു.
ജനുവരിയില്‍ ദുബായില്‍ താലിബാന്‍ വിദേശകാര്യ മന്ത്രിയും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെ അടിസ്ഥാനമാക്കിയാണ് ജയശങ്കറും മുത്താക്കിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം നടന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്.
''ഇന്ന് വൈകുന്നേരം ആക്ടിംഗ് അഫ്ഗാന്‍ വിദേശകാര്യ മന്ത്രി മൗലവി ആമിര്‍ ഖാന്‍ മുത്താക്കിയുമായി നല്ല സംഭാഷണം നടന്നു. പഹല്‍ഗാം ഭീകരാക്രമണത്തെ അദ്ദേഹം അപലപിച്ചതിനെ ആഴത്തില്‍ അഭിനന്ദിക്കുന്നു,'' ജയശങ്കര്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. തെറ്റായതും അടിസ്ഥാനരഹിതവുമായ റിപ്പോര്‍ട്ടുകള്‍ വഴി ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും ഇടയില്‍ അവിശ്വാസം സൃഷ്ടിക്കാനുള്ള സമീപകാല ശ്രമങ്ങളെ അദ്ദേഹം ശക്തമായി തള്ളിക്കളഞ്ഞെന്നും ജയശങ്കര്‍ പറഞ്ഞു.
അഫ്ഗാന്‍ ജനതയുമായുള്ള ഇന്ത്യയുടെ പരമ്പരാഗത സൗഹൃദവും അവരുടെ വികസന ആവശ്യങ്ങള്‍ക്കുള്ള തുടര്‍ച്ചയായ പിന്തുണയും താന്‍ ഊന്നിപ്പറഞ്ഞതായും സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്തതായും ജയശങ്കര്‍ പറഞ്ഞു.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തല്‍, വ്യാപാരം പ്രോത്സാഹിപ്പിക്കല്‍, 'നയതന്ത്ര ഇടപെടല്‍ മുന്നോട്ട് കൊണ്ടുപോകല്‍' എന്നിവയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ജയ്ശങ്കറും മുത്താക്കിയും കൈമാറിയതായി താലിബാന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അഫ്ഗാനിസ്ഥാന്‍-ഇന്ത്യ ബന്ധങ്ങളുടെ ചരിത്രപരമായ സ്വഭാവം എടുത്തുകാണിക്കുകയും ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ഇറാനിലെ ഛബഹാര്‍ തുറമുഖത്തിന്റെ വികസനത്തിന് ഇരുപക്ഷവും ഊന്നല്‍ നല്‍കിയതായി താലിബാന്‍ പക്ഷത്ത് നിന്നുള്ള കുറിപ്പില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്