ഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ കേന്ദ്ര സർക്കാരിനെയും സൈന്യത്തേയും അഭിനന്ദിച്ച് ആർഎസ്എസ്. തീവ്രവാദികൾക്കും അവരുടെ ആവാസവ്യവസ്ഥയ്ക്കും എതിരെ നടത്തിയ നടപടിക്ക് സർക്കാരിനും സൈന്യത്തിനും അഭിനന്ദനമെന്നാണ് ആർഎസ്എസ് പ്രസ്താവന.
സാമൂഹിക ഐക്യം തകർക്കാൻ ദേശവിരുദ്ധ ശക്തികളെ അനുവദിക്കരുതെന്നും ജാഗ്രത വേണമെന്നും ആർഎസ്എസ് കൂട്ടിച്ചേർത്തു. സർ സംഘചാലക് മോഹൻ ഭഗവതിൻ്റേയും സർ കാര്യവാഹക് ദതാത്രേയ ഹൊസബെളയുടേയും പേരിലാണ് പ്രസ്താവന.
പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾക്കെതിരെ സൈനിക ആക്രമണം നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം അനിവാര്യമാണ്. വിനോദസഞ്ചാരികളുടെ ക്രൂരമായ കൂട്ടക്കൊലയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കും, മുഴുവൻ രാജ്യത്തിനും ഓപ്പറേഷൻ സിന്ദൂറിലൂടെ നീതി ഉറപ്പാക്കി. ഈ നടപടി രാജ്യത്തിൻ്റെ ആത്മാഭിമാനവും മനോവീര്യവും വർധിപ്പിച്ചെന്നും ആർഎസ്എസ് പ്രസ്താവനയിൽ പറയുന്നു.
ദേശീയ പ്രതിസന്ധിയുടെ മണിക്കൂറുകളിൽ, രാജ്യം മുഴുവൻ സർക്കാരിനും സായുധ സേനയ്ക്കും ഒപ്പം ഉറച്ചുനിൽക്കുന്നു. സർക്കാരും ഭരണകൂടവും നൽകുന്ന നിർദേശങ്ങൾ പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സാമൂഹിക ഐക്യം തകർക്കാൻ ദേശവിരുദ്ധ ശക്തികളെ അനുവദിക്കാതിരിക്കാൻ ജാഗ്രത വേണമെന്നും ആർഎസ്എസ് പറഞ്ഞു.
അതേസമയം അതിർത്തി സംസ്ഥാനങ്ങളിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കുകയാണ് ഇന്ത്യ. ജമ്മു കശ്മീരിലെ സാംബയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച 7 ഭീകരരെ ബിഎസ്എഫ് വധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്