ന്യൂഡല്‍ഹി: പേടിഎം പേയ്മെന്റ് ബാങ്ക് പ്രശ്നത്തില്‍ ആര്‍ബിഐ വ്യക്തത വരുത്തിയേക്കുമെന്ന് സാമ്പത്തിക സേവന വിഭാഗം. മുഴുവന്‍ ആപ്പ് അധിഷ്ഠിത പേയ്മെന്റ് ബാങ്കിംഗ്, ഫിന്‍ടെക് വിഭാഗത്തിലെ ഉപയോക്താക്കളുടെ ആത്മവിശ്വാസം കെടുത്തിയ പേടിഎം പേയ്മെന്റ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ പാലിക്കാത്തതിനെ കുറിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കൂടുതല്‍ വിശദീകരണം നല്‍കിയേക്കുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
വിഷയത്തില്‍ ധനമന്ത്രാലയം ഒരു റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ആശങ്കകള്‍ ശമിപ്പിക്കുന്നതിനായി പേടിഎം പേയ്മെന്റ് ബാങ്കിനെതിരായ നടപടിയില്‍ കൂടുതല്‍ വിശദീകരണം കേന്ദ്ര ബാങ്ക് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക സേവന വകുപ്പ് സെക്രട്ടറി വിവേക് ജോഷി പറഞ്ഞു.
ഫെബ്രുവരി 29 മുതല്‍ പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പേടിഎം ഒഴിവാക്കി മറ്റു പേയ്‌മെന്റ് ആപ്ലിക്കേഷനുകളിലേക്കു മാറാന്‍ വ്യാപാരികളുടെ ചില സംഘടനകള്‍ ആഹ്വാനം നല്‍കുകയും ചെയ്തിട്ടുണ്ട്. പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ഫെബ്രുവരി 29 മുതല്‍ ഒരു കസ്റ്റമര്‍ അക്കൗണ്ടുകളില്‍ നിന്നും വാലറ്റുകളില്‍ നിന്നും ഫാസ്ടാഗില്‍ നിന്നും നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ ഉത്തരവില്‍ പറയുന്നു. ചട്ടങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് വിലക്കിന് കാരണം.
സമഗ്ര സിസ്റ്റം ഓഡിറ്റ് റിപ്പോര്‍ട്ടുകളിലും പുറമേയുള്ള ഓഡിറ്റര്‍മാര്‍ തയാറാക്കിയ റിപ്പോര്‍ട്ടുകളിലും പേടിഎം നിരന്തരം ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും ആര്‍ബിഐ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഡെപ്പോസിറ്റുകള്‍ക്ക് പുറമേ ക്രെഡിറ്റ് ട്രാന്‍സാക്ഷനുകളും ടോപ്പ്അപ്പുകളും ഒരു കസ്റ്റമര്‍ അക്കൗണ്ടിലും പ്രീപെയ്ഡ് ഇന്‍സ്ട്രുമെന്റുകളിലും വാലറ്റുകളിലും ഫാസ്ടാഗുകളിലും എന്‍സിഎംസി കാര്‍ഡുകളിലും നടത്താന്‍ പാടില്ല. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള പലിശ, ക്യാഷ്ബാക്ക്, റീഫണ്ടുകള്‍ എന്നിവ നടത്തുന്നതിന് തടസമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ഉപയോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലോ പ്രീപെയ്ഡ് ഇന്‍സ്ട്രുമെന്റുകളിലോ ഫാസ്ടാഗുകളിലോ എന്‍സിഎംസിയിലോ ശേഷിക്കുന്ന ബാലന്‍സ് പിന്‍വലിക്കുന്നതിനോ മറ്റേതെങ്കിലും വിധത്തില്‍ ഉപയോഗപ്പെടുത്തുന്നതിനോ യാതൊരു തടസവും നേരിടാന്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ പ്രത്യേകം പറയുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്