ന്യൂഡല്‍ഹി: കരുതല്‍ തടങ്കല്‍ അപരിഷ്‌കൃത നടപടി, അധികാര പ്രയോഗത്തിനായുള്ള ഈ നീക്കം മുളയിലേ നുള്ളണമെന്ന് സുപ്രീം കോടതി. ഒരാള്‍ ചെയ്ത കുറ്റത്തിനുള്ള ശിക്ഷ എന്ന നിലക്കല്ല, മറിച്ച് കുറ്റം ചെയ്യാതിരിക്കാനുള്ള നടപടി എന്നതാണ് കരുതല്‍ തടങ്കലിന്റെ അടിസ്ഥാന തത്വമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാന പൊലീസിന് ക്രമസമാധാനപാലനം സാധ്യമാകുന്നില്ല എന്നത് കരുതല്‍ തടങ്കല്‍ നടപ്പാക്കാനുള്ള കാരണമാകരുതെന്നും ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവര്‍കൂടി ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. തടവിലാക്കപ്പെടുന്നയാളുടെ തടവിനുള്ള സാധ്യത ന്യായീകരിക്കപ്പെടണം. അധികാരികളുടെ കണ്ണില്‍ മാത്രമല്ല, നിയമത്തിന്റെ കണ്ണില്‍ കരുതല്‍ തടവിന്റെ ആവശ്യമുണ്ടോ എന്ന കാര്യം സമിതി വിലയിരുത്തണമെന്നും ബഞ്ച് നിര്‍ദേശിച്ചു.
കരുതല്‍ തടങ്കലില്‍ ആക്കിയ ആളുടെ അപ്പീല്‍ തള്ളിയ തെലങ്കാന ഹൈകോടതി ഉത്തരവ് റദ്ദാക്കിയാണ് കോടതി പരാമര്‍ശം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് തെലങ്കാനയിലെ രചകൊണ്ട പൊലീസ് കമീഷണറുടെ ഉത്തരവ് പ്രകാരം തെലങ്കാനയിലെ പ്രത്യേക നിയമപ്രകാരം പരാതിക്കാരനെ അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്യപ്പെട്ടയാളുടെ ഹരജി നാലു ദിവസത്തിന് ശേഷം തെലങ്കാന ഹൈകോടതി തള്ളിയിരുന്നു.
സാധ്യമാകുന്ന ആദ്യ സാഹചര്യത്തില്‍ തന്നെ കരുതല്‍ തടങ്കല്‍ സാധ്യത ഇല്ലാതാക്കണമെന്നും വിഷയത്തില്‍ ഉപദേശക സമിതി എല്ലാ വശങ്ങളും പരിശോധിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി. ഇതില്‍ ബന്ധപ്പെട്ട അധികാരികളുടെ വാദങ്ങള്‍ മാത്രം പരിഗണിക്കപ്പെടരുത്.
മാല പൊട്ടിച്ചു എന്നതാണ് കരുതല്‍ തടവിലാക്കിയ ആളുടെ മേലുള്ള കുറ്റം. ഇയാളുടെ പ്രവൃത്തി പ്രദേശത്തെ ക്രമസമാധാന നിലയെയും സ്ത്രീകളുടെ സുരക്ഷിതത്വത്തെയും ബാധിക്കുമെന്നുമായിരുന്നു പൊലീസ് വാദം. എന്നാല്‍ ക്രമസമാധാന നില തകരാറിലാകും വിധമുള്ള പ്രശ്‌നമായി ഇതിനെ കാണാനാകില്ലെന്നും അതിനാല്‍ കരുതല്‍ തടങ്കലിനെ നീതികരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കരുതല്‍ തടങ്കലിനുള്ള ഉത്തരവിറക്കിയ അധികാരികളുടെ നടപടിയെ ജാഗ്രതപൂര്‍വമല്ലാതെ, യാന്ത്രികമായി വിലയിരുത്തിയ ഉപദേശക സമിതി നടപടിയെ കോടതി ചോദ്യം ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്