ന്യൂഡെല്‍ഹി: കഴിഞ്ഞ ആറുവര്‍ഷമായി തുടരുന്ന കടുത്ത സാമ്പത്തിക ദുരുപയോഗം, അശ്രദ്ധ, ഉത്തരവാദിത്തമില്ലായ്മ എന്നിവ എടുത്തുകാട്ടി ഡെല്‍ഹിയിലെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. ഉപകരണങ്ങളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും രൂക്ഷമായ ക്ഷാമം, മൊഹല്ല ക്ലിനിക്കുകളിലെ മോശം അടിസ്ഥാന സൗകര്യം, എമര്‍ജന്‍സി ഫണ്ടുകളുടെ വിനിയോഗത്തിലെ പോരായ്മ എന്നിവ ചൂണ്ടിക്കാണിക്കുന്നു.
ഡെല്‍ഹിയിലെ പല ആശുപത്രികളും ഗുരുതരമായ മെഡിക്കല്‍ സേവനങ്ങളുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തി. നഗരത്തിലെ 27 ആശുപത്രികളില്‍ 14 എണ്ണത്തിലും ഐസിയു സൗകര്യമില്ല. 16 ആശുപത്രികളില്‍ രക്തബാങ്കില്ല. കൂടാതെ, എട്ട് ആശുപത്രികളില്‍ ഓക്‌സിജന്‍ വിതരണം ഇല്ല, 15 ആശുപത്രികളില്‍ മോര്‍ച്ചറി ഇല്ല. 12 ആശുപത്രികള്‍ ആംബുലന്‍സ് സേവനമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പല മൊഹല്ല ക്ലിനിക്കുകളിലും ടോയ്ലറ്റുകള്‍, പവര്‍ ബാക്കപ്പ്, ചെക്ക്-അപ്പ് ടേബിളുകള്‍ തുടങ്ങിയ അവശ്യ സൗകര്യങ്ങള്‍ ഇല്ല. ആയുഷ് ഡിസ്‌പെന്‍സറികളിലും സമാനമായ പോരായ്മകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഡെല്‍ഹിയിലെ ആശുപത്രികള്‍ ജീവനക്കാരുടെ ഭീതിദമായ ക്ഷാമം നേരിടുന്നെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു. 21 ശതമാനം നഴ്സുമാരുടെ കുറവും 38 ശതമാനം പാരാമെഡിക്കുകളുടെ കുറവും ചില ആശുപത്രികളില്‍ 50-96 ശതമാനം ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കുറവുമാണുള്ളത്.
രാജീവ് ഗാന്ധി, ജനക്പുരി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ ഓപ്പറേഷന്‍ തിയറ്ററുകള്‍, ഐസിയു കിടക്കകള്‍, സ്വകാര്യ മുറികള്‍ എന്നിവ ഉപയോഗിക്കാതെ കിടക്കുന്നു. അതേസമയം ട്രോമ സെന്ററുകളില്‍ അടിയന്തര പരിചരണത്തിന് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ഡെല്‍ഹിയിലെ ആരോഗ്യ രംഗത്തെ പുരോഗതി എഎപി സര്‍ക്കാരിന്റെ പ്രധാന അവകാശവാദങ്ങളിലൊന്നായിരുന്നു. എന്നാല്‍ ഇതെല്ലാം അപ്രസക്തമാക്കുന്ന റിപ്പോര്‍ട്ടാണ് സിഎജിയുടേത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്