ന്യൂഡെല്‍ഹി: ഒരു വ്യക്തി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാലും അയാളുടെ വീട് ബലമായി പൊളിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. വിവിധ കേസുകളിലെ പ്രതികള്‍ക്കെതിരെയുള്ള ബുള്‍ഡോസര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇപ്രകാരം അഭിപ്രായപ്പെട്ടത്.
'കുറ്റാരോപിതനായതുകൊണ്ട് മാത്രം എങ്ങനെ വീട് പൊളിക്കും? കുറ്റക്കാരനാണെങ്കിലും പൊളിക്കാന്‍ കഴിയില്ല,' ജസ്റ്റിസ് ബിആര്‍ ഗവായ് ഒരു ഹര്‍ജി പരിഗണിക്കവെ പറഞ്ഞു. മുസ്ലീം പണ്ഡിത സംഘടനയായ ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദാണ് ഹര്‍ജി സമര്‍പ്പിച്ചത്.
നിയമലംഘനം നടക്കുമ്പോഴാണ് വീടുകള്‍ പൊളിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. മുനിസിപ്പല്‍ നിയമലംഘനങ്ങള്‍ ഉണ്ടായാല്‍ മാത്രമേ നടപടിയെടുക്കൂ എന്നും അദ്ദേഹം പറഞ്ഞു.
'നടപടിക്രമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സ്ഥാവര സ്വത്തുക്കള്‍ പൊളിക്കാന്‍ കഴിയൂ... ഉന്നയിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിന് ഇന്ത്യക്ക് മുഴുവനായി ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു,' ബെഞ്ച് പറഞ്ഞു. .
കേസില്‍ സെപ്റ്റംബര്‍ 17ന് സുപ്രീം കോടതിയില്‍ വാദം കേള്‍ക്കല്‍ തുടരും.
ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വസ്തുവകകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചതുമായി ബന്ധപ്പെട്ട ഒന്നിലധികം കേസുകളാണ് സുപ്രീം കോടതിയിലുള്ളത്. ഉത്തര്‍പ്രദേശിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലും ഉണ്ടായിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഇതിനെ തുടര്‍ന്ന് 'ബുള്‍ഡോസര്‍ ബാബ' എന്ന പേരും വീണിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്