ന്യൂഡെല്‍ഹി: കര്‍ശന വ്യവസ്ഥകളുമായി ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍ ലോക്‌സഭ പാസാക്കി. 2025 ലെ ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍ അനുസരിച്ച്, വ്യാജ പാസ്പോര്‍ട്ടും വിസയും ഉപയോഗിച്ച് ഇന്ത്യയിലേക്ക് പ്രവേശിക്കുകയോ രാജ്യത്ത് താമസിക്കുകയോ ചെയ്യുന്ന ആര്‍ക്കും ഏഴ് വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, നഴ്സിംഗ് ഹോമുകള്‍ എന്നിവ വിദേശികളെക്കുറിച്ചുള്ള വിവരങ്ങള്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദിഷ്ട നിയമം വ്യവസ്ഥ ചെയ്യുന്നു.
നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെ രാജ്യത്ത് പ്രവേശിക്കുന്ന ഏതൊരു വിദേശിക്കും അഞ്ച് വര്‍ഷം വരെ തടവോ 5 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
വിനോദസഞ്ചാരികളായോ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ബിസിനസ്സ് എന്നിവയ്ക്കായോ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു, എന്നാല്‍ ഭീഷണി ഉയര്‍ത്തുന്നവരെ ഗൗരവമായി കാണുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ദുരുദ്ദേശ്യമുള്ള ആളുകളെ മാത്രമേ തടയുകയുള്ളൂവെന്ന് ഷാ പറഞ്ഞു. രാജ്യം ഒരു 'ധര്‍മ്മശാല' (സത്രം) അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നവരെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ല. രാഷ്ട്രം ഒരു 'ധര്‍മ്മശാല' അല്ല. രാജ്യത്തിന്റെ വികസനത്തിന് സംഭാവന നല്‍കാന്‍ ആരെങ്കിലും രാജ്യത്തേക്ക് വന്നാല്‍, അവരെ എപ്പോഴും സ്വാഗതം ചെയ്യുന്നു,' അദ്ദേഹം പറഞ്ഞു.
നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണം രാജ്യത്തിന്റെ സുരക്ഷയെ ശക്തിപ്പെടുത്തുകയും സമ്പദ്വ്യവസ്ഥയെയും ബിസിനസിനെയും ഉത്തേജിപ്പിക്കുകയും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുന്ന ഓരോ വിദേശിയെക്കുറിച്ചും രാജ്യത്തിന് ഏറ്റവും പുതിയ വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് കുടിയേറ്റ ബില്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മ്യാന്‍മറില്‍ നിന്നുള്ള റോഹിംഗ്യകളും ബംഗ്ലാദേശികളും ഇന്ത്യയിലേക്ക് അനധികൃതമായി നുഴഞ്ഞുകയറ്റം നടത്തുന്നതിനെ പരാമര്‍ശിച്ച ഷാ, വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ഇന്ത്യയില്‍ അഭയം തേടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചെന്നും ഇത് രാജ്യത്തെ സുരക്ഷിതമല്ലാതാക്കുന്നുവെന്നും അടിവരയിട്ടു. ഇന്ത്യയില്‍ അസ്വസ്ഥത സൃഷ്ടിച്ചാല്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും 2047 ആകുമ്പോഴേക്കും ഇന്ത്യയെ ലോകത്തിലെ ഏറ്റവും വികസിത രാഷ്ട്രമാക്കുന്നതിനും ബില്‍ സഹായിക്കുമെന്ന് ഷാ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്