ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമബത്ത (ഡിയര്‍നെസ് അലവന്‍സ്-ഡിഎ) വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. രണ്ട് ശതമാനം വര്‍ധനവാണ് ഡിഎയില്‍ വരിക. ഇതോടെ ക്ഷാമബത്ത 53% ല്‍ നിന്ന് 55% ആയി ഉയരും. ജീവനക്കാരുടെ ശമ്പളത്തില്‍ ഗണ്യമായ വര്‍ധനവാണ് ഇതുവഴി ലഭിക്കുക. അവസാന ഡിഎ വര്‍ദ്ധനവ് 2024 ജൂലൈയിലാണ് നടന്നത്.
അന്ന് 50% ല്‍ നിന്ന് 53% ആയാണ് ഡിഎ ഉയര്‍ത്തിയത്. വര്‍ധിച്ച് വരുന്ന പണപ്പെരുപ്പം നേരിടാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന അലവന്‍സാണ് ക്ഷാമബത്ത അഥവാ ഡിഎ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ജീവിതച്ചെലവ് കൂടുന്നത് കാരണം ശമ്പളത്തിന് മൂല്യം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ക്ഷാമബത്ത കൊണ്ട് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം ഓരോ 10 വര്‍ഷത്തിലും ശമ്പള കമ്മീഷന്‍ ആണ് നിശ്ചയിക്കുന്നത്.
അതിനാലാണ് പണപ്പെരുപ്പം നിലനിര്‍ത്താന്‍ ഇടയ്ക്കിടെ ക്ഷാമബത്ത ക്രമീകരിക്കുന്നത്. ക്ഷാമബത്ത പരിഷ്‌കരണം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും ഗുണം ചെയ്യും. ഹോളിക്ക് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ ഡിഎ, ഡിഎ റിലീഫ് എന്നിവയില്‍ വര്‍ധനവ് പ്രഖ്യാപിച്ചേക്കുമെന്ന് നേരത്തെ തന്നെ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
വ്യാവസായിക തൊഴിലാളികള്‍ക്കായുള്ള അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (എഐസിപിഐ-ഐഡബ്ല്യു) ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഡിഎ നിരക്കുകള്‍ നിര്‍ണയിക്കുന്നത്. ഡിഎയിലെ ഏതെങ്കിലും പരിഷ്‌കരണം തീരുമാനിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ കഴിഞ്ഞ ആറ് മാസത്തെ കണക്കുകള്‍ വിലയിരുത്തും. ഇതിന് ശേഷമാണ് ഡിഎയില്‍ പരിഷ്‌കരണത്തിന് അംഗീകാരം നല്‍കുന്നത്.
അതേസമയം എട്ടാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ പ്രകാരമുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടാകാന്‍ പോകുന്നത്. എട്ടാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പ്രതിമാസം 19,000 വരെ വര്‍ധിക്കും.
ഏകദേശം 50 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 65 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ശമ്പള പരിഷ്‌കരണത്തിന്റെ ഗുണം ലഭിക്കും എന്നാണ് വിവരം. സാമ്പത്തിക സ്ഥിതി, പണപ്പെരുപ്പം, ജീവിതച്ചെലവ് എന്നിവ കണക്കിലെടുത്ത് സാധാരണയായി ഓരോ 10 വര്‍ഷത്തിലും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ശമ്പളം, പെന്‍ഷന്‍, ആനുകൂല്യങ്ങള്‍ എന്നിവ പരിഷ്‌കരിക്കാറുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്