ഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ കോടതിമുറിക്കുള്ളിൽ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ രണ്ട് നിയമ വിദ്യാർഥികളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ലഖ്നൗ സർവകലാശാലയിലെ വിദ്യാർഥികളായ പ്രഭാൽ പ്രതാപ് സിങ്, ചന്ദർ ഭാൻ എന്നിവരാണ് അറസ്റ്റിലായത്.
സുപ്രീംകോടതിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോടതി നടപടികൾ തടസ്സപ്പെടുത്തൽ, പൊതുഉദ്യോഗസ്ഥരുടെ ഔദ്യോഗിക കർത്തവ്യം നിർവഹിക്കുന്നത് തടയൽ, സുരക്ഷാ ജീവനക്കാരെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ജൂലൈ 10-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്വന്തം കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ ഹാജരായ പ്രഭാൽ പ്രതാപ് സിങ്, ലഖ്നൗയിലെ ഒരു അസിസ്റ്റന്റ് പൊലീസ് കമ്മീഷണർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഉച്ചത്തിൽ വാദിക്കുകയായിരുന്നു.
ഇതിനിടെ, "കോടതിയോട് നിങ്ങൾ നിർദേശം നൽകുകയാണോ?" എന്ന് ജസ്റ്റിസ് കെ. വി. വിശ്വനാഥൻ ചോദിച്ചതിനെ തുടർന്ന് വിദ്യാർഥി പ്രകോപിതനായി. തുടർന്ന് ചീഫ് ജസ്റ്റിസിനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും കൈവശമുണ്ടായിരുന്ന രേഖകൾ ജഡ്ജിമാർക്ക് നേരെ എറിയുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
പ്രഭാൽ പ്രതാപിനൊപ്പം കോടതിയിലുണ്ടായിരുന്ന ചന്ദർ ഭാനും സംഭവത്തിൽ പങ്കാളിയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇരുവരും ഉത്തർപ്രദേശ് സ്വദേശികളാണ്.
സംഭവത്തെ തുടർന്ന് സുപ്രീംകോടതിയിലെ സുരക്ഷാ വിഭാഗം നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച ഡൽഹി പൊലീസ്, ഇരുവരെയും പിന്നീട് അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
