ന്യൂഡല്‍ഹി: ബംഗ്ലദേശിനെതിരെ ഏര്‍പ്പെടുത്തിയ ഇറക്കുമതി നിയന്ത്രണങ്ങളിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത് ഉഭയകക്ഷി വ്യാപാരത്തിലെ വ്യവസ്ഥകള്‍ സ്വന്തം നേട്ടത്തിന് വേണ്ടി സ്വയം തീരുമാനിക്കാനാവില്ലെന്ന മുന്നറിയിപ്പ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ കാല്‍ക്കീഴില്‍ വയ്ക്കാവുന്ന വിപണിയായി ബംഗ്ലാദേശിന് ഉപയോഗിക്കാന്‍ കഴിയില്ലെന്നും വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
ബംഗ്ലദേശില്‍ നിന്നും കരമാര്‍ഗം റെഡിമെയ്ഡ് തുണിത്തരങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത് ശനിയാഴ്ചയാണ്. പകരം, കൊല്‍ക്കത്ത, മുംബൈ തുറമുഖങ്ങള്‍ വഴി മാത്രമേ ഇനി ഇറക്കുമതി അനുവദിക്കൂ. പഴങ്ങള്‍, പാനീയങ്ങള്‍, പ്രോസസ്ഡ് ഫുഡ്, പ്ലാസ്റ്റിക്, പിവിസി തുടങ്ങിയവ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചെക്ക്‌പോസ്റ്റുകളിലൂടെയും കൊണ്ടുവരാനാകില്ല. ബംഗ്ലദേശിലേക്കുള്ള ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അവിടെ കര്‍ശന പരിശോധനയും ഏര്‍പ്പെടുത്തിയിരുന്നു.
ഇന്ത്യന്‍ അരി, നൂല്‍ എന്നിവയുടെ കയറ്റുമതിക്ക് ബംഗ്ലദേശ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് അതേ നാണയത്തിലുള്ള മറുപടിയാണിതെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അനൗദ്യോഗികമായി പ്രതികരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ തുല്യത ഉറപ്പുവരുത്താനാണിത്. ചെലവുകുറവായതിനാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന്റെ വലിയൊരു പങ്കും കരമാര്‍ഗമാണ് അയച്ചിരുന്നത്. ഇതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സ്ഥിതിക്ക് തുറമുഖങ്ങള്‍ വഴി ഉല്‍പന്നങ്ങള്‍ അയയ്ക്കാന്‍ ചെലവു കൂടും. ഇതിന്റെ ബാധ്യത ഇവ വാങ്ങുന്നവരുടെ മേലുമെത്തും. ബംഗ്ലദേശ് ഇടക്കാല സര്‍ക്കാര്‍ മേധാവിയായ മുഹമ്മദ് യൂനുസ് ചൈനാ സന്ദര്‍ശനത്തിനിടെ ഇന്ത്യയെക്കുറിച്ചു നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.
ഇന്ത്യയുടെ 7 വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കരയാല്‍ മാത്രം ചുറ്റപ്പെട്ടവയാണെന്ന് പറഞ്ഞ യൂനുസ് കടല്‍സുരക്ഷയില്‍ ബംഗ്ലദേശ് മാത്രമാണ് നിര്‍ണായകമെന്നും ചൈന ഈ സാഹചര്യം സാമ്പത്തിക വിപുലീകരണത്തിനായി പ്രയോജനപ്പെടുത്തണമെന്നുമാണ് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്