പഹല്‍ഗാം ആക്രമണത്തിന് മുമ്പ് ജ്യോതി പാകിസ്ഥാനും ചൈനയും സന്ദര്‍ശിച്ചു; വരുമാന സ്രോതസ് പരിശോധിച്ച് കേന്ദ്ര ഏജന്‍സികള്‍

MAY 18, 2025, 10:06 PM

ന്യൂഡല്‍ഹി: ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ ട്രാവല്‍ വ്ളോഗര്‍ ജ്യോതി മല്‍ഹോത്രയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പഹല്‍ഗാം ഭീകരാക്രമണത്തിന് തൊട്ടുമുന്‍പ് ജ്യോതി പാകിസ്ഥാനും ചൈനയും സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ഹരിയാനയിലെ ഹിസാര്‍ പൊലീസ് സൂപ്രണ്ട് (എസ്പി) ശശാങ്ക് കുമാര്‍ സാവന്‍ വെളിപ്പെടുത്തി.

സമൂഹ മാധ്യമങ്ങളില്‍ സ്വാധീനം ചെലുത്തുന്നവരെ പാകിസ്ഥാനി ഇന്റലിജന്‍സ് ഓഫിസര്‍മാര്‍ സജീവമായി റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എസ്പി സാവന്‍ പറഞ്ഞു. ഇക്കാര്യം കേന്ദ്ര ഏജന്‍സികളാണ് ഹരിയാന പൊലീസിനെ അറിയിച്ചത്. നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലാണ് ജ്യോതി മല്‍ഹോത്ര.

കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് ഹരിയാന പൊലീസ് ജ്യോതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അവരുടെ വരുമാന സ്രോതസുകള്‍ കണ്ടെത്താന്‍ സാമ്പത്തിക ഇടപാടുകളും യാത്രാ ചരിത്രവും വിശകലനം ചെയ്യുകയാണെന്നും എസ്പി സാവന്‍ പറഞ്ഞു. അവര്‍ക്ക് സാധാരണ നിലയില്‍ ലഭിക്കുന്ന വരുമാനം വിദേശ യാത്രകള്‍ക്ക് പര്യാപ്തമല്ല. കാരണം അവര്‍ ഒരു ട്രാവല്‍ വ്ളോഗര്‍ മാത്രമാണ്. ബാഹ്യമായ ഫണ്ടിങ് ജ്യോതിക്ക് ലഭിക്കുന്നുണ്ടെന്ന് പൊലീസ് സംശയിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ഏറ്റവും സെന്‍സിറ്റീവായ പ്രതിരോധ വിവരങ്ങളിലേക്ക് ജ്യോതിക്ക് നേരിട്ട് പ്രവേശനമില്ലായിരുന്നുവെങ്കിലും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ കാലഘട്ടത്തില്‍ പാകിസ്ഥാനി ഇന്റലിജന്‍സ് ഓഫിസര്‍മാരുമായി അവര്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇന്ത്യ പേഴ്‌സണ നോണ്‍ ഗ്രാറ്റയായി പ്രഖ്യാപിച്ച ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പാകിസ്ഥാനി ഇന്റലിജന്‍സ് ഓഫീസര്‍മാരുമായി ജ്യോതി മല്‍ഹോത്ര നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും എസ്പി സ്ഥിരീകരിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ദേശസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ചാണ് ജ്യോതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ് ജ്യോതി. 33 വയസുകാരിയായ ജ്യോതിക്ക് 3.77 ലക്ഷത്തിലധികം സബ്സ്‌ക്രൈബര്‍മാരുള്ള 'ട്രാവല്‍ വിത്ത് ജോ' എന്ന യൂട്യൂബ് ചാനലും 1.32 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടുമുണ്ട്.

ഹരിയാന പൊലീസാണ് ജ്യോതിക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വാട്സ്ആപ്, ടെലഗ്രാം, സ്നാപ്ചാറ്റ് എന്നീ മെസേജിങ് ആപ്പുകള്‍ വഴി പാകിസ്ഥാനി ഇന്റലിജന്‍സ് ഓഫിസര്‍മാരുമായി ജ്യോതി നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് കണ്ടെത്തല്‍. പാക് ഓഫിസര്‍മാരുടെ പേര് തെറ്റായ രീതിയില്‍ സേവ് ചെയ്താണ് അവര്‍ വിവരങ്ങള്‍ കൈമാറിയിരുന്നത്.

പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായിരുന്ന ഡാനിഷ് എന്നയാള്‍ വഴിയാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. ഇതിനകം മൂന്ന് തവണ യുവതി പാകിസ്ഥാന്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലും യുവതി പങ്കെടുത്തിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പാകിസ്ഥാനെക്കുറിച്ച് നല്ല കാര്യങ്ങള്‍ പ്രചരിപ്പിക്കാനുള്ള ദൗത്യവും പാക് ഏജന്‍സികള്‍ ജ്യോതിയെ ഏല്‍പ്പിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam