ദില്ലി: കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാർട്ടി പ്രസിഡൻ്റുമായ ചിരാഗ് പാസ്വാന് വധഭീഷണി. കൊടുംഭീകരന്മാർ ചേർന്ന് മന്ത്രിയെ ഉടൻ കൊലപ്പെടുത്തുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നതെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ചിരാഗ് പാസ്വാന് നേതൃത്വം നൽകുന്ന മന്ത്രാലയത്തിലാണ് അജ്ഞാതൻ്റെ സന്ദേശം ലഭിച്ചതെന്നാണ് റിപ്പോർട്ട്. ഇതേ തുടർന്ന് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അലോക് കുമാർ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു.
മന്ത്രിക്കെതിരെ ഭീഷണി സന്ദേശം ലഭിച്ചതായും രണ്ട് മൊബൈൽ നമ്പരുകൾ സന്ദേശത്തിൽ പരാമർശിച്ചിട്ടുണ്ടെന്നും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കത്തിൽ പറയുന്നു.'കൊടുംഭീകരവാദികളാൽ നിങ്ങൾ ഉടൻ തന്നെ കൊല്ലപ്പെടും' എന്നാണ് ഭീഷണി സന്ദേശമെന്നും കത്തിൽ വ്യക്തമാക്കുന്നു.
വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും ഭീഷണി സന്ദേശത്തിന്റെ ഉറവിടം, വിശ്വാസ്യത, സാഹചര്യം എന്നിവയെക്കുറിച്ച് വൈകിക്കാതെ സമഗ്രമായ അന്വേഷണം ആരംഭിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഭീഷണിയുടെ വ്യാപ്തിയും മന്ത്രിക്കായി നിശ്ചയിച്ചിട്ടുള്ള പൊതുപരിപാടികളും കണക്കിലെടുത്ത്, സുരക്ഷാ ക്രമീകരണങ്ങൾ പുനഃപരിശോധിക്കണമെന്നും ആവശ്യാനുസരണം അവ വർധിപ്പിക്കണമെന്നും കത്തിൽ അഭ്യർത്ഥിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
