മുംബൈ: രാജ്യത്ത് 85 ശതമാനം എഥനോൾ ചേർന്ന പരിസ്ഥിതി സൗഹൃദ ഇന്ധനം (E85) ഉടൻ ലഭ്യമാക്കിത്തുടങ്ങുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി.
ഘട്ടംഘട്ടമായി രാജ്യം മുഴുവൻ ഇത് വ്യാപകമാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ ഡൽഹി-എൻ.സി.ആർ. മേഖല, മുംബൈ, പുണെ, നാസിക് എന്നീ നഗരങ്ങളിലാകും ഈ ഇന്ധനം കൊണ്ടുവരിക. ഡൽഹിയിൽ മാരുതി സുസുക്കിയുടെ നൂറ് ശതമാനം എഥനോളിൽ ഓടുന്ന 'വാഗൺ ആർ' ഫ്ലെക്സ് ഫ്യുവൽ വാഹനം അവതരിപ്പിക്കുന്ന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഫ്‌ളെക്‌സ് ഫ്യൂവൽ (Flex Fuel) ഇന്ധനങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി രാജ്യത്ത് വിപുലമായ ശൃംഖലയാണ് സർക്കാർ ഒരുക്കുന്നത്:ഈ വർഷം ഡിസംബറോടെ രാജ്യത്തുടനീളം 500 ഇന്ധന പമ്പുകൾ എഥനോൾ വിതരണത്തിനായി സജ്ജമാക്കും.
2027 അവസാനത്തോടെ എഥനോൾ ലഭ്യമാകുന്ന പമ്പുകളുടെ എണ്ണം 5,000 ആയി ഉയർത്താനാണ് പദ്ധതി. ഇന്ധനത്തിൽ 85 ശതമാനം വരെ എഥനോളും ബാക്കി പെട്രോളുമായിരിക്കും അടങ്ങിയിരിക്കുക. ഇതിലൂടെ വിദേശത്തുനിന്നുള്ള പെട്രോളിയം ഇറക്കുമതി വൻതോതിൽ കുറയ്ക്കാൻ സാധിക്കും.
വൈദ്യുത വാഹനങ്ങളെക്കാൾ (EV) മലിനീകരണം കുറഞ്ഞ ഇന്ധനമെന്ന നിലയിലാണ് എഥനോൾ ബ്ലെൻഡഡ് ഇന്ധനങ്ങളെ കണക്കാക്കുന്നത്. പുതിയ ഊർജ്ജ സ്രോതസ്സുകളിലേക്കുള്ള രാജ്യത്തിന്റെ ചുവടുമാറ്റത്തിൽ ഇത് നിർണ്ണായക പങ്കുവഹിക്കും.
രാജ്യത്തെ 50 ശതമാനം ഇരുചക്ര-നാലുചക്ര വാഹനങ്ങൾ ഫ്‌ളെക്‌സ് ഫ്യൂവലിലേക്ക് മാറുകയാണെങ്കിൽ എഥനോളിന്റെ ആവശ്യം 311.8 കോടി ലിറ്ററായി ഉയരും. ഇത് രാജ്യത്തെ കർഷകർക്ക് 12,403 കോടി രൂപയുടെ അധിക വരുമാനം ഉറപ്പാക്കും. കൂടാതെ കാർബൺ ബഹിർഗമനത്തിൽ 66.4 ലക്ഷം മെട്രിക് ടണ്ണിന്റെ കുറവുണ്ടാകുമെന്നും ഹർദീപ് സിങ് പുരി വ്യക്തമാക്കി.
ചടങ്ങിൽ പങ്കെടുത്ത കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി, കൂടുതൽ വാഹന നിർമ്മാണ കമ്പനികൾ വൈകാതെ തന്നെ ഫ്‌ളെക്‌സ് ഫ്യുവൽ സാങ്കേതികവിദ്യയിലുള്ള വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
