ബംഗളൂരു: കർണാടകയിൽ നേതൃമാറ്റ ചർച്ചകൾ ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ സംഘടിപ്പിച്ച പ്രഭാതഭക്ഷണ വിരുന്നിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സിദ്ധരാമയ്യയുടെ കാലിൽ തൊട്ട് വണങ്ങി. പുതിയ പദവി ഏറ്റെടുക്കുന്നതിന് മുൻപായി ഡി.കെ. ശിവകുമാർ അനുഗ്രഹം തേടിയതാണെന്ന തരത്തിൽ ദേശീയ മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ബംഗളൂരുവിലെ ഔദ്യോഗിക വസതിയിലായിരുന്നു ഇന്ന് രാവിലെ വിരുന്ന് സംഘടിപ്പിച്ചത്.
വിരുന്നിൽ മന്ത്രിമാരും മുതിർന്ന കോൺഗ്രസ് നേതാക്കളും പങ്കെടുത്തു. കർണാടകയിൽ നേതൃമാറ്റം നടക്കുമെന്ന സൂചനകൾക്കിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഗവർണർ തവാർചന്ദ് ഗെഹ്‌ലോട്ടിനെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്. ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രിസ്ഥാനം നൽകുന്നതിനായി വഴിമാറണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് സിദ്ധരാമയ്യയോട് നിർദേശിച്ചെന്ന വിവരവും പുറത്തുവരുന്നുണ്ട്.
എന്നാൽ വിഷയത്തിൽ കോൺഗ്രസ് നേതൃത്വം ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ഗവർണറെ കണ്ട ശേഷം സിദ്ധരാമയ്യ രാജിക്കത്ത് സമർപ്പിക്കാനായിരുന്നു നീക്കമെന്നുമാണ് സൂചന. എന്നാൽ ഗവർണർ സ്വകാര്യ ആവശ്യത്തിനായി മുംബൈയിലേക്ക് പോയതായി രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.
ഇതിനിടെ, മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിനുപകരമായി കോൺഗ്രസ് ഹൈക്കമാൻഡ് മുന്നോട്ടുവച്ച രാജ്യസഭാ സീറ്റ് സിദ്ധരാമയ്യ നിരസിച്ചതായും റിപ്പോർട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തിലേക്ക് മാറാൻ താൽപര്യമില്ലെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം.
2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞ മൂന്ന് വർഷമായി സിദ്ധരാമയ്യയാണ് കർണാടക മുഖ്യമന്ത്രിയായി തുടരുന്നത്. നിലവിലെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് അധികാരം കൈമാറാനാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ ആലോചനയെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
