മുംബൈ: ബോളിവുഡ് സ്‌പൈ ത്രില്ലര്‍ ചിത്രം 'ധുരന്തര്‍' റിലീസിന് പിന്നാലെ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനി വീണ്ടും മുംബൈയില്‍ സജീവമാകുന്നതായി രഹസ്യ വിവരം. നിലവില്‍ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡി-കമ്പനി ചിത്രത്തിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് മുംബൈയിലെ തങ്ങളുടെ ഗ്രൗണ്ട് നെറ്റ്വര്‍ക്ക് ശക്തമാക്കിയതായാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുന്ന സൂചന.
രണ്‍വീര്‍ സിങ് നായകനായ ചിത്രത്തിലെ 'ബഡേ സാഹേബ്' എന്ന കഥാപാത്രത്തിന് ദാവൂദ് ഇബ്രാഹിമുമായി പ്രകടമായ സാമ്യമുണ്ടെന്നതാണ് അധോലോകത്തെ പ്രകോപിപ്പിച്ചത്. ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളിലായി കാണിക്കുന്ന, ഈ കഥാപാത്രം മരണക്കിടക്കയില്‍ കിടക്കുന്ന രംഗങ്ങള്‍ ദാവൂദിന്റെ നിലവിലെ അവസ്ഥയോട് സാമ്യമുള്ളതാണെന്ന് പറയപ്പെടുന്നു. ദാവൂദ് ഇബ്രാഹിം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വരുത്തിത്തീര്‍ക്കാനും തങ്ങളുടെ സ്വാധീനം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബോധ്യപ്പെടുത്താനുമുള്ള അടിയന്തര നീക്കങ്ങളിലാണ് ഇപ്പോള്‍ ഡി-കമ്പനിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
ഇന്ത്യയില്‍ പുതിയ ഭീകര ഗൂഢാലോചന നടപ്പാക്കുന്നതിനായി മുംബൈ കേന്ദ്രീകരിച്ച് പുതിയ അംഗങ്ങളെ കണ്ടെത്തുകയാണ് സംഘത്തിന്റെ ആദ്യ ലക്ഷ്യം. ഇതിനായുള്ള റിക്രൂട്ട്‌മെന്റ് ചുമതല അധോലോക നേതാവ് ഛോട്ടാ ഷക്കീലിന്റെ ഗ്യാങ്ങിനാണ് നല്‍കിയിരിക്കുന്നത്. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ പരിശീലനവും ആയുധങ്ങളും നല്‍കുന്നത് പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐ നേരിട്ടാണെന്നാണ് വിവരം. ഭീകരാക്രമണ പദ്ധതികള്‍ നടപ്പിലാക്കാന്‍ കുപ്രസിദ്ധ ഷാര്‍പ് ഷൂട്ടര്‍ മുന്ന സിങ്കാഡയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
മുംബൈയിലെ തെരുവുകളില്‍ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന യുവാക്കളെ യഥാര്‍ഥ ലക്ഷ്യം അറിയിക്കാതെയാണ് സംഘത്തില്‍ എത്തിക്കുന്നത്. ബാന്ദ്ര ഗരീബ് നഗറിലെ അനധികൃത മസ്ജിദിനെതിരെയുള്ള ബുള്‍ഡോസര്‍ നടപടിയുടെ ദൃശ്യങ്ങള്‍ കാണിച്ച് ഇവരില്‍ വര്‍ഗീയ പ്രകോപനം സൃഷ്ടിച്ചാണ് ക്യാമ്പിലേക്ക് ആകര്‍ഷിക്കുന്നത്.
ഡല്‍ഹി പൊലീസ് അടുത്തിടെ തകര്‍ത്ത ഭീകരാക്രമണ ഗൂഢാലോചനയിലൂടെ ഐഎസ്‌ഐയും മുംബൈ അധോലോകവും തമ്മിലുള്ള ശക്തമായ അവിശുദ്ധ കൂട്ടുകെട്ട് വീണ്ടും പുറത്തുവന്നിരുന്നു. ഇന്ത്യയില്‍ കവര്‍ച്ച, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ അധോലോക പ്രവര്‍ത്തനങ്ങളില്‍ ഡി-കമ്പനിയുടെ സ്വാധീനം വന്‍തോതില്‍ കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തില്‍ തങ്ങളുടെ അതിജീവനത്തിനായുള്ള പരക്കംപാച്ചിലിന്റെ ഭാഗമായാണ് പെട്ടെന്നുള്ള ഈ നീക്കങ്ങളെന്ന് കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നു.
ഐഎസ്‌ഐയുടെ നേരിട്ടുള്ള സഹായത്തോടെ രാജ്യത്ത് വലിയൊരു ഭീകരാക്രമണമോ അല്ലെങ്കില്‍ പ്രമുഖ വ്യക്തികളെ ലക്ഷ്യം വച്ചുള്ള ആക്രമണമോ ദാവൂദ് ഗ്യാങ് ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
