ന്യൂഡല്‍ഹി: അമേരിക്കന്‍ താരിഫുകള്‍മൂലം തിരിച്ചടിയേറ്റ ചൈനീസ് കമ്പനികള്‍ യു.എസിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യന്‍ കയറ്റുമതിക്കാരുടെ സഹായം തേടി. യു.എസിലെ ഉപയോക്താക്കളെ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇന്ത്യ വഴി ചരക്കുകള്‍ കയറ്റി അയയ്ക്കാന്‍ ചൈനീസ് കമ്പനികള്‍ ആലോചിക്കുന്നത്.
ചൈനയിലെ ഗ്വാംഗ്ഷോയില്‍ ലോകത്തെ ഏറ്റവും വലിയ വ്യാപാര മേളയായ കാന്റണ്‍ ഫെയര്‍ നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. യു.എസിലേക്ക് ചരക്ക് കയറ്റുമതി ചെയ്യാന്‍ സഹായം തേടി മേളയ്ക്കെത്തിയ നിരവധി ഇന്ത്യന്‍ കമ്പനികളെ ചൈനീസ് ഉല്‍പ്പാദകര്‍ സമീപിച്ചെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് ഡയറക്ടര്‍ ജനറലായ അജയ് ഷാഹി പറഞ്ഞു. കയറ്റുമതിയുടെ കമ്മീഷന്‍ ഇന്ത്യന്‍ കമ്പനികള്‍ ചൈനീസ് കമ്പനികള്‍ക്ക് നല്‍കണം.
യു.എസ് ഏര്‍പ്പെടുത്തിയ 145 ശതമാനം താരിഫ് മിക്കവാറും ചൈനീസ് കമ്പനികള്‍ക്ക് ബാധകമായിട്ടുണ്ട്. അതേസമയം ഇന്ത്യയില്‍ നിന്ന് യു.എസിലേക്ക് കയറ്റി അയയ്ക്കുന്ന ചരക്കുകള്‍ക്ക് 10 ശതമാനം മാത്രമാണ് നികുതി. 90 ദിവസത്തേക്ക് മരവിപ്പിച്ച പകരത്തിന് പകരം താരിഫുകള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുനസ്ഥാപിച്ചാല്‍ ഇന്ത്യയില്‍ നിന്നും യു.എസിലേക്കുള്ള കയറ്റുമതി നികുതി 26 ശതമാനമായി ഉയരും.
ട്രംപിന്റെ ആദ്യ ഘട്ട താരിഫ് പ്രഹരമേറ്റ പല ചൈനീസ് കമ്പനികളും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്ക് തന്ത്രപൂര്‍വം ചുവടുമാറ്റിയിരുന്നു. വിയറ്റ്നാമില്‍ ഫാക്ടറികള്‍ സ്ഥാപിച്ചും തായ്ലന്‍ഡിലേക്ക് ചരക്കുകള്‍ കയറ്റി അയയച്ച ശേഷം അവിടെ നിന്ന് കുറഞ്ഞ താരിഫില്‍ യുഎസിലേക്ക് കയറ്റുമതി നടത്തിയുമാണ് പിടിച്ചുനിന്നത്. എന്നാല്‍ രണ്ടാം താരിഫ് തരംഗത്തില്‍ വിയറ്റ്നാമിന് മേല്‍ 46 ശതമാനം താരിഫ് പ്രഖ്യാപിച്ച് ട്രംപ് ഈ പഴുതുമടച്ചു. ഇന്ത്യയിലേക്ക് നോക്കാന്‍ ചൈനീസ് വ്യാപാരികളെ പ്രേരിപ്പിക്കുന്നത് ഈ സാഹചര്യമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്