ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻ.ഡി.എ) സീറ്റ് വിഭജന പ്രഖ്യാപനം ഇന്നുണ്ടായേക്കും. എൻ.ഡി.എ സഖ്യകക്ഷികളായ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയും (റാം വിലാസ്) ജിതൻ റാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയും (എച്ച്.എ.എം) കൂടുതൽ സീറ്റിനായി ഉന്നയിച്ച തർക്കത്തിൽ സമവായം ഉണ്ടാകുമെന്ന് ബി.ജെ.പി വ്യക്തമാക്കി.
സീറ്റുവിഭജനം സംബന്ധിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ അദ്ധ്യക്ഷതയിൽ ശനിയാഴ്ച ഡൽഹിയിൽ നടന്ന യോഗത്തിൽ ചിരാഗ് പാസ്വാൻ 26 സീറ്റുകളും മാഞ്ജി 15 സീറ്റുകളും കിട്ടിയേ തീരുവെന്ന് അറിയിച്ചു.
രാഷ്ട്രീയ ലോക് മോർച്ച (ആർ.എൽ.എം) മേധാവി ഉപേന്ദ്ര കുശ്വാഹയും കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു. മാന്യമായ സീറ്റുകൾ കിട്ടിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിൽക്കുമെന്ന് മാഞ്ജി പറഞ്ഞു. അർഹമായ സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നു പാസ്വാനും നദ്ദയെ അറിയിച്ചു. എന്നാൽ, 243 അംഗ നിയമസഭയിൽ ജെ.ഡി.യു 102 സീറ്റിലും ബി.ജെ.പി 101 സീറ്റിലും മത്സരിക്കാൻ തീരുമാനിച്ചാൽ മറ്റു സഖ്യകക്ഷികൾക്കു സീറ്റു കുറയും.
ബിഹാറിൽ നവംബർ ആറിനും 11നും വോട്ടെടുപ്പു നടക്കാനിരിക്കുന്നതിനാൽ, എൻ.ഡി.എയുടെ സീറ്റു വിഭജനത്തിന്റെയും സ്ഥാനാർത്ഥികളുടെയും കാര്യത്തിൽ ഇന്നു രാവിലെ 11ന് ഡൽഹിയിൽ ബി.ജെ.പി കേന്ദ്രനേതൃത്വം പ്രധാന പ്രഖ്യാപനങ്ങൾ നടത്തുമെന്നു ബിഹാർ ബി.ജെ.പി മേധാവി ദിലീപ് ജയ്‌സ്വാൾ പറഞ്ഞു. മുന്നണിയിൽ അഭിപ്രായവ്യത്യാസവും തർക്കങ്ങളും ശേഷിക്കുന്നുവെന്നതു ശരിയല്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
