ടെലിവിഷൻ പരമ്പരയുടെ ചിത്രീകരണത്തിനിടെ നടൻ രാഹുൽ അരുണോദയ് ബാനർജി മുങ്ങിമരിച്ച സംഭവത്തെത്തുടർന്ന് ബംഗാളി സിനിമാ - ടെലിവിഷൻ മേഖലയിൽ അനിശ്ചിതകാല പണിമുടക്ക്. പശ്ചിമ ബംഗാൾ മോഷൻ പിക്ചർ ആർടിസ്റ്റ്‌സ് ഫോറവും ഫെഡറേഷൻ ഓഫ് സിനി ടെക്നീഷ്യൻസ് ആൻഡ് വർക്കേഴ്സ് ഓഫ് ഇസ്റ്റേൺ ഇന്ത്യയും സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ഇന്നു മുതലാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുക. സെറ്റുകളിലെ സുരക്ഷാ കാര്യങ്ങളിൽ കൃത്യമായ ഉറപ്പ് ലഭിക്കാതെ ചിത്രീകരണം പുനഃരാരംഭിക്കില്ലെന്ന് സംഘടനകൾ അറിയിച്ചു. ഇൻഡോർ, ഔട്ട്ഡോർ ഷൂട്ടിങ്ങുകൾക്കിടയിൽ അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും ജീവന് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വ്യക്തമായ പ്രോട്ടോക്കോൾ നടപ്പിലാക്കുക എന്നതാണ് പ്രധാന ആവശ്യം.
ഏപ്രിൽ അഞ്ചിന്, പ്രതിഷേധ സൂചകമായി നൂറുകണക്കിന് കലാകാരന്മാർ കൊൽക്കത്തയിൽ റാലി നടത്തിയിരുന്നു. രാഹുലിന്റെ ഭാര്യയും നടിയുമായ പ്രിയങ്ക സർക്കാരും നീതി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. പ്രിയങ്ക സാമ്പത്തിക നഷ്ടപരിഹാരം ആവശ്യപ്പെടുകയാണെങ്കിൽ അതിന് പൂർണ പിന്തുണയുണ്ടാകുമെന്നാണ് സംഘടനകൾ അറിയിച്ചിരിക്കുന്നത്.
അതേസമയം, മാർച്ച് 29ന് ഒഡീഷയിലെ താൽസാരി കടൽതീരത്ത് 'ഭോലേ ബാബ പാർ കരേഗ' എന്ന സീരിയലിന്റെ ചിത്രീകരണത്തിനിടെയാണ് രാഹുൽ മുങ്ങിമരിച്ചത്.ഔദ്യോഗിക അനുമതിയില്ലാതെയാണ് കടൽതീരത്ത് ചിത്രീകരണം നടത്തിയതെന്നും കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ സെറ്റിൽ ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്. സീരിയലിന്റെ നിർമാണ കമ്പനിയായ മാജിക് മൊമെന്റ്സ് മോഷൻ പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയും ഡയറക്ടർമാരായ സൈബൽ ബാനർജി, ലീന ഗാംഗോപാധ്യായ എന്നിവർക്കെതിരെയും 'ക്രിമിനൽ ഗൂഢാലോചന' കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. വെസ്റ്റ് ബംഗാൾ മോഷൻ പിക്ചർ ആർട്ടിസ്റ്റ് ഫോറത്തിന്റെ പരാതിയിലാണ് സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
