ഹൃദയാഘാതം മുൻകാലങ്ങളെ അപേക്ഷിച്ച് യുവാക്കളിൽ കൂടുതലാണ്. അതിനെക്കുറിച്ച് ആശങ്കപ്പെടാത്തവർ ചുരുക്കമാണ്. മനുഷ്യന്റെ ആരോഗ്യത്തെ മാത്രമല്ല, സമ്പദ്‌വ്യവസ്ഥയെയും തകർത്ത ഒരു മഹാമാരിയാണ് - കോവിഡ് 19. വിവിധ രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമാവുകയും ആളുകളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്ത കോവിഡ്, സുഖം പ്രാപിച്ചതിനുശേഷവും നിരവധി പ്രശ്‌നങ്ങൾക്ക് കാരണമായിട്ടുണ്ട്.
അതേസമയം, കോവിഡ് ബാധിച്ചവർക്ക് മറ്റൊരു ഗുരുതരമായ പ്രശ്‌നമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങൾ പുറത്തുവരുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം യുവാക്കളിൽ ഹൃദയാഘാതം വർദ്ധിച്ചിട്ടുണ്ടെന്ന് പഠനം സ്ഥിരീകരിക്കുന്നു. കോവിഡിന് ശേഷം 30-40 വയസ്സുള്ളവരിൽ ഹൃദയാഘാതം വർദ്ധിച്ചതായി വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ടെർഷ്യറി ഹോസ്പിറ്റൽ ഡാറ്റ (റഫറൽ ഹോസ്പിറ്റലുകൾ) അനുസരിച്ച്, 2021-23 ൽ COVID-19 ന് ശേഷം 40 വയസ്സിന് താഴെയുള്ളവരിൽ ഹൃദയാഘാതം ഗണ്യമായി വർദ്ധിച്ചു. കോവിഡ് 19 ന് ശേഷമുള്ള കാലഘട്ടത്തിൽ യുവാക്കളിൽ ഹൃദയാഘാതം രണ്ടോ മൂന്നോ മടങ്ങ് വർദ്ധിച്ചതായി യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) കണ്ടെത്തി.
യുകെ ബയോബാങ്ക് സ്റ്റഡിയും കോവിഡ് ബാധയ്ക്ക് ശേഷം 12 മാസങ്ങൾക്കുള്ളിൽ ഹാർട്ട് അറ്റാക്കും സ്‌ട്രോക്കും 50 ശതമാനം വരെ കൂടിയതായി കണ്ടെത്തി. കോവിഡ് അണുബാധയുണ്ടായ 1,50,000ത്തിലധികം വ്യക്തികളിൽ നടത്തിയ മറ്റൊരു പഠനത്തിൽ, മുമ്പ് ഹൃദ്രോഗമില്ലാത്തവരിൽ പോലും മയോകാർഡിയൽ ഇൻഫ്രാക്ഷൻ, ഹൃദയസ്തംഭനം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത ഗണ്യമായി വർധിച്ചതായി കണ്ടെത്തി.
അണുബാധയ്ക്ക് ശേഷം മൂന്ന് വർഷം വരെ ഈ ഉയർന്ന അപകടസാധ്യത നിലനിൽക്കുന്നതായും പഠനത്തിൽ കണ്ടെത്തലുണ്ട്. കോവിഡ് ബാധ മൂലം പലവിധ പ്രശ്നങ്ങളാണ് ഹൃദയത്തിനുണ്ടാകുന്നത്. ഹൃദയപേശികളുടെ സമൂലമായ വീക്കം മൂലം മയോകാർഡൈറ്റിസ്, ഹൃദയ അറകളുടെ സങ്കോചനക്ഷയവും ഹൃദയപരാജയവും, സ്പന്ദനത്തിലെ താളം തെറ്റൽ, ഹൃദയസഞ്ചിക്കുള്ളിൽ ദ്രാവകം നിറയുന്നു (പെരികാർഡിയൽ എഫ്യൂഷൻ) എന്നിവ കൂടാതെയാണ് ഹൃദയാഘാതത്തിനു കൂടി കോവിഡ് ബാധ കാരണമാകുന്നത്.
തുടക്കത്തിൽ ശ്വാസകോശ സംബന്ധമായ അസുഖമായാണ് കോവിഡിനെ കണ്ടതെങ്കിലും ഹൃദയ സംവിധാനത്തിൽ കാര്യമായ പ്രശ്നങ്ങളുണ്ടാക്കുന്നതാണ് അതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. കോവിഡ് വൈറസ് രക്തക്കുഴലുകളിൽ വീക്കം പ്രോത്സാഹിപ്പിക്കുകയും രക്തം കട്ടപിടിക്കുന്നത് വർധിപ്പിക്കുകയും രക്തസമ്മർദം വർധിക്കാൻ കാരണമാവുകയും ചെയ്യും. പ്രത്യേകിച്ച് ഉയർന്ന എൽഡിഎൽ കൊളസ്ട്രോൾ, പൊണ്ണത്തടി, രക്താതിമർദം, പ്രമേഹം തുടങ്ങിയവ ഉള്ളതും എന്നാൽ പലപ്പോഴും രോഗനിർണയം ചെയ്യപ്പെടാത്തതുമായ അവസ്ഥകളുള്ള രോഗികളിൽ ഹൃദയാഘാത സാധ്യത കൂട്ടുന്ന പ്രശ്നങ്ങളാണിവ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
