ഇസ്രായേലിൽ ജെറുസലേമിനടുത്ത് പടരുന്ന കാട്ടുതീ അതി ഗുരുതരമായി മാറിയതിനെ തുടർന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥലത്ത് "ദേശീയ അടിയന്തരാവസ്ഥ" പ്രഖ്യാപിച്ചു. കാട്ടുതീ വലിയ രീതിയിൽ മറ്റ് സ്ഥലങ്ങളിൽ വ്യാപിച്ച് ആളുകളുടെ ജീവനും സ്വത്തിനും അപകടമായി മാറുന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം ജെറുസലേമിന് സമീപം കനത്ത പുക ഉയരുന്നിടത്ത് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ കാട്ടുതീ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. പലർക്കും അപകടത്തിൽ പൊള്ളലേറ്റതായും ശ്വാസം മുട്ടിയതായും റിപ്പോർട്ടുകൾ ഉണ്ട്. സൈന്യവും ഈ രക്ഷാ ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്.
ഇതൊരു വലിയ അപകടമാണെന്നും, പതിനെട്ടിലധികം ആളുകൾക്ക് ചികിത്സ നൽകിയെന്നും, ചിലരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും റിപ്പോർട്ട് പുറത്തു വരുന്നുണ്ട്. ചികിത്സിച്ചവരിൽ രണ്ടു ഗർഭിണികളും രണ്ട് ശിശുക്കളുമുണ്ട്. ഇവർക്ക് പുക ശ്വസിച്ചതിന്റെ പ്രശ്നങ്ങളും ചെറിയ പൊള്ളലുകളും ഉണ്ടായിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞത് അനുസരിച്ച്, കിഴക്കോട്ട് വീശുന്ന കാറ്റ് കാരണം തീ ജെറുസലേമിന്റെ അതിരുകളിലേക്ക് പടരാമെന്നും അതിനാൽ അതത് പ്രദേശങ്ങളിൽ തീ തടയൽ ഇടങ്ങളുണ്ടാക്കണമെന്നും അദ്ദേഹം അറിയിച്ചു. ഇതൊരു ദേശിയ ദുരന്തം ആണെന്നും, എല്ലാവരും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ജെറുസലേം – തെൽ അവീവ് ഹൈവേ അടച്ചിട്ടുണ്ട്. തീയുടെ ഭീഷണിയുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്കു താമസിക്കുന്ന വീടുകളിൽ നിന്നുമെല്ലാം ഒഴിപ്പിച്ചിരിക്കുന്നു. പലവട്ടം കാട്ടുതീ ബാധിച്ച പ്രദേശമാണിത്. കൂടുതൽ ആളുകൾ അപകടത്തിൽ പെടാതിരിക്കാൻ പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
ഇസ്രായേൽ സൈന്യവും ഫയർഫൈറ്റർമാരുമായി ചേർന്ന് രക്ഷാപ്രവർത്തനത്തിൽ തിരക്കിലാണ്. കാട്ടുതീ പടരുന്നത് തടയാൻ നിരവധി ഫയർ ട്രക്കുകൾ ഇതിനകം ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇതെല്ലാം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി വിദേശ രാജ്യങ്ങളിൽ നിന്നും സഹായം തേടിയിരിക്കുന്നത്. ഇറ്റലി, ക്രൊയേഷ്യ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഉടൻ എത്തുമെന്നാണ് വിവരം. ഫ്രാൻസ് പ്രസിഡന്റ് മാക്രോൺ ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സഹായ വാഗ്ദാനം ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്