സിറിയായിൽ തീമഴയ്ക്ക് ശമനമില്ല

DECEMBER 11, 2024, 7:13 AM

രണ്ടാം ലോകയുദ്ധത്തിനു ശേഷം ലോകം കണ്ട ഏറ്റവും കടുത്ത മാനവിക ദുരന്തങ്ങളിലൊന്നാണു സിറിയായിൽ ഇപ്പോൾ നടക്കുന്നത്. നാലര ലക്ഷത്തിലധികം പേരാണ് കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ സിറിയയിൽ കൊല്ലപ്പെട്ടത്. ദശലക്ഷക്കണക്കിനു ജനങ്ങൾ അഭയാർഥികളായി. ഒടുവിൽ വിമതസഖ്യം സിറിയായുടെ ഭരണം പിടിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ഹയാത്ത് തഹ്രീർ അൽശാം നേതൃത്വം നൽകുന്ന വിമതക്കൂട്ടം ഭരണം പിടിച്ചെടുത്തത്. ഇടക്കാല പ്രധാനമന്ത്രിയായി മുഹമ്മദ് അൽ ബഷീർ സ്ഥാനമേൽക്കുകയും ചെയ്തു.

സിറിയായിൽ രാസായുധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയത് ഏറെ ഞെട്ടലോടെയാണ് വിമതർക്ക് നേതൃത്വം നൽകുന്ന  മുഹമ്മദ് അൽ ബഷീർ കാണുന്നത്. പൂർണ അധികാര കൈമാറ്റം നടക്കുന്നതുവരെ ഇദ്ദേഹമായിരിക്കും പ്രധാനമന്ത്രി. ഇതിനിടെയാണ് ഇസ്രയേലിന്റെ വ്യോമാക്രമണം. അപ്രതീക്ഷിതമായി നടന്ന വ്യോമാക്രമണത്തിൽ ഒട്ടേറെ ജറ്റുകളും ഹെലികോപ്റ്ററുകളുമടക്കം സൈനീക സാമഗ്രികളും ആയുധ ശേഖരവും നശിച്ചുപോയിരിക്കുന്നു. ഒരുകാരണവശാലും സിറിയൻ പട്ടാളത്തിന്റെ ആയുധങ്ങൾ ഭീകരവാദികളുടെ കൈകളിൽ അകപ്പെടാതിരിക്കാനാണ് ഇങ്ങനെയൊരാക്രമണം നടത്തിയതത്രെ എന്നാണ് ഇസ്രയേൽ പറയുന്നത്.

സത്യത്തിൽ സിറിയയിലെ ആഭ്യന്തര യുദ്ധം പതിമൂന്ന് സംവത്സരം പിന്നിട്ടിരിക്കുകയാണ്. തുനീഷ്യ, ഈജിപ്ത്, ലിബിയ, യമൻ തുടങ്ങിയ അറബ് മേഖലയിലെ ഏകാധിപതികളായ ഭരണാധികാരികൾക്കെതിരെ ഉടലെടുത്ത ജനരോഷം തന്നെയായിരുന്നു സിറിയയിലും ഉണ്ടായത്. നിരായുധരായ ജനങ്ങൾ നടത്തിയ പ്രക്ഷോഭങ്ങൾ ബശ്ശാറുൽ അസദിന്റെ സൈനികർ ആയുധങ്ങൾ കൊണ്ട് അടിച്ചമർത്തിയപ്പോൾ ഉണ്ടായത് ചോരപ്പുഴകൾ. പതിമൂന്ന് വർഷങ്ങൾക്കിപ്പുറവും സിറിയ ലോകമാധ്യമങ്ങളുടെ തലക്കെട്ടുകളിൽ ഇടംപിടിക്കുന്നു. ചോരകറകൾ മായാതെ, അവ വീണ്ടും പടർന്നുകൊണ്ടേയിരിക്കുന്നു.

vachakam
vachakam
vachakam

ബശ്ശാറുൽ അസദിന് രാഷ്ട്രീയത്തോടോ ഭരണത്തിലോ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് എങ്ങനെയാണ് ബശ്ശാറുൽ അൽ അസദ് ലോകത്തെ ഏറ്റവും ക്രൂരന്മാരായ ഭരണാധികാരികളിലൊരാളായി മാറിയത്..? ഹാഫിസുൽ അസദ്, ഏകാധിപതിയായ സിറിയയുടെ ഭരണാധികാരി തന്റെ കാലശേഷം ഭരണം നടത്താൻ നിയോഗിച്ചത് മൂത്തമകനും ബശ്ശാറിന്റെ സഹോദരനുമായ ബാസിലിനെയായിരുന്നു. എന്നാൽ പിതാവിന്റെ ആഗ്രഹം നിറവേറ്റാൻ സാധിക്കാതെ 1994 ജനുവരി 21ന് 32-ാം വയസിൽ ദമസ്‌കസിലുണ്ടായ കാറപകടത്തിൽ ബാസിൽ കൊല്ലപ്പെട്ടു. ഇതോടെ ലണ്ടനിൽ ഉപരിപഠനം നടത്തികൊണ്ടിരുന്ന ബശ്ശാറിനെ പിൻഗാമിയായി ഹാഫിസുൽ അസദ് വാഴിച്ചു. മികച്ച കണ്ണുരോഗ വിദഗ്ധൻ കൂടിയാണ് ബശ്ശാറുൽ.

തനിക്കെതിരെ പ്രക്ഷോഭം നടത്തിയെന്ന പേരിൽ ഹമ നഗരം 27 ദിവസം ഉപരോധിക്കുകയും മുപ്പതിനായിരത്തോളം പേരെ കൂട്ടക്കൊല ചെയ്യുകയും ചെയ്ത ചരിത്രമുണ്ട് ഹാഫിസുൽ അസദിന്. 1982, ഹമയിൽ മുസ്ലിം ബ്രദർഹുഡ് പ്രവർത്തകരെയാണ് ഹാഫിസുൽ കൂട്ടക്കൊല ചെയ്തത്. പിതാവിന്റെ ഇതേ പാത തന്നെ പിന്തുടർന്നെങ്കിൽ മാത്രമേ വാർത്തകളിൽ ഇടംപിടിക്കാൻ സാധിക്കൂവെന്ന ഉത്തമബോധ്യം ബശ്ശാറിന് ഉണ്ടായിരുന്നു. 2000 ജൂണിൽ ഹാഫിസുൽ അസദിന്റെ മരണത്തെ തുടർന്ന് ബശ്ശാർ അധികാരത്തിലേക്കെത്തി. ആദ്യകാലത്ത് ഭരണപരിഷ്‌കാര വാഗ്ദാനങ്ങളെല്ലാം നൽകിയിരുന്നു. അവയൊന്നും പാലിക്കപ്പെട്ടില്ലെന്നു മാത്രമല്ല തന്റെ പിതാവിന്റെ ഏകാധിപത്യഭരണ മാർഗത്തെ അതേ പടി പിൻതുടരുകയാണു ബഷാർ ചെയ്തത്. 

അതുകൊണ്ടാണ് 2011ൽ അറബ് രാജ്യങ്ങളിൽ ഏകാധിപത്യ ഭരണകൂടങ്ങൾക്കെതിരെ വൻതോതിൽ ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടായപ്പോൾ അത് സിറിയയേയും ബാധിച്ചത്. ഈജിപ്തിലും ടുണീഷ്യയിലും പ്രക്ഷോഭകർ ജനാധിപത്യം ആവശ്യപ്പെട്ട് തെരുവിലിറങ്ങിയതു പോലെ സിറിയയിലും സമാധാനപരമായാണു പ്രതിഷേധങ്ങൾ 2011 മാർച്ചിൽ ആരംഭിച്ചത്. പക്ഷേ ഈജിപ്തിലും ടുണീഷ്യയിലും പ്രതിഷേധങ്ങൾ രാജ്യവ്യാപകമായിരുന്നു. രണ്ടു രാജ്യങ്ങളിലും പട്ടാളം പ്രക്ഷോഭകരോട് അനുഭാവപൂർവമായ നിലപാടാണു എടുത്തത്. എന്നാൽ സിറിയയിൽ പ്രതിഷേധം തുടക്കം മുതലേ ചില പോക്കറ്റുകളിൽ മാത്രം കേന്ദ്രീകരിച്ചുള്ളതായിരുന്നു. പ്രത്യേകിച്ചും ദാരായിലും, ഹിംസിലും, ഡമസ്‌കസിന്റെ ചുറ്റുവട്ടത്തും. അത് പ്രതിഷേധക്കാർക്കെതിരെ ശക്തമായ ആക്രമണമഴിച്ചു വിടാൻ സിറിയൻ സർക്കാരിനെ പ്രാപ്തമാക്കി. മാത്രമല്ല, സിറിയൻ പട്ടാളം ശക്തമായി അസദിനൊപ്പം നിലയുറപ്പിക്കുകയും ചെയ്തു. 

vachakam
vachakam
vachakam

പട്ടാളത്തിന്റെ കമാൻഡിംഗ് പൊസിഷനിലെല്ലാം അസദിന്റെ അനുയായികളാണുണ്ടായിരുന്നത്. അസദ് കുടുംബത്തിൽ നിന്നുള്ളവരോ, അലവി വിഭാഗത്തിൽ നിന്നുള്ളവരോ. ഇത് പ്രസിഡന്റിനു കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. ഹാമായിലെ കലാപം അടിച്ചമർത്താൻ അസദിന്റെ പിതാവ് ഹാഫിസ് എന്താണോ ചെയ്തത് അതു തന്നെയാണു മൂന്നു പതിറ്റാണ്ടിനിപ്പുറം ഹിംസിലേയും, ദാരായിലേയും പിന്നീട് അലെപ്പോയിലേയും കലാപങ്ങളെ അടിച്ചമർത്താൻ ബഷാറും ചെയ്തത്. പക്ഷേ റിബലുകളുടേയും അസദിന്റെയും ശ്രമങ്ങൾ വിജയിച്ചില്ല എന്നാണ് സമീപകാല സിറിയയുടെ ചരിത്രം പറയുന്നത്. എന്താണു ഇതിനു കാരണം? ഇതിൽ അഭ്യന്തരവും, ഭൗമരാഷ്ട്രീയപരവുമായ കാരണങ്ങളുണ്ട്. ഒന്നാമത്, ഈജിപ്തിലേയും, ടുണീഷ്യയിലേയും പോലെ ഭരണകൂടത്തെ താഴെ വീഴ്ത്താനുള്ള രാഷ്ട്രീയമൂലധനം സിറിയയിലെ പ്രക്ഷോഭകർക്ക് ഉണ്ടായിരുന്നില്ല. പ്രതിഷേധത്തിന്റെ സമയത്തു പോലും ജനസംഖ്യയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ അസദ് ഭരണകൂടത്തിനുണ്ടായിരുന്നു. രണ്ടാമത്, രാഷ്ട്രീയമായി, സമാധാനപരമായി അസദിനെ താഴെ വീഴ്ത്താൻ കഴിയില്ല എന്ന ഘട്ടത്തിൽ നിന്നും സിറിയൻ ഭരണകൂട വിരുദ്ധ പ്രക്ഷോഭം ഭരണകൂട വിരുദ്ധ കലാപമായി മാറി. 

സിറിയൻ ആർമിയിൽ നിന്നും കൂറുമാറി പോയ ഒരു സംഘം പട്ടാളക്കാരുടെ നേതൃത്വത്തിൽ ആദ്യം ഫ്രീ സിറിയൻ ആർമി എന്ന സായുധ സംഘത്തെ രൂപീകരിക്കുകയും അവർ അസദിനെതിരെ സായുധ കലാപം ആരംഭിക്കുകയും ചെയ്തു. ഇത് സിറിയൻ ജനാധിപത്യ പ്രതിഷേധത്തെ ഒരു വിനാശകാരിയായ അഭ്യന്തര യുദ്ധത്തിലേക്കെത്തിച്ചു. മൂന്നാമതായി, ഈ അഭ്യന്തരയുദ്ധം സിറിയൻ ഭരണകൂടവും കലാപകാരികളും തമ്മിൽ മാത്രമായിരുന്നില്ല എന്നതാണ്. പശ്ചിമേഷ്യയിലെ രണ്ടു പ്രധാനപ്പെട്ട ശക്തികളാണ് സൗദി അറേബ്യയും ഇറാനും. സലഫി ഇസ്ലാം ഔദ്യോഗിക മതമായുള്ള സൗദി അറേബ്യയും, ഷിയാ പൗരോഹിത്യം ഭരിക്കുന്ന ഇറാനും തമ്മിലുള്ള ശത്രുതക്ക് പതിറ്റാണ്ടുകൾ പഴക്കമുണ്ട്. ഇന്നത്തെ പശ്ചിമേഷ്യയിൽ ഇറാന്റെ ഏറ്റവും അടുത്ത സഖ്യരാഷ്ട്രമാണ് അസദിന്റെ സിറിയ. 

ലെബനാനിലെ ഷിയാ സംഘടനയായ ഹിസ്ബുല്ലയ്ക്ക് ആവശ്യം വരുന്ന ആയുധങ്ങളും പണവും ഇറാൻ എത്തിക്കുന്നത് സിറിയ വഴിയാണ് അതുകൊണ്ട് സിറിയയിൽ അസദ് ഭരണകൂടം അതിജീവിക്കേണ്ടത് ഇറാനെ സംബന്ധിച്ച് തങ്ങളുടെ പശ്ചിമേഷ്യൻ തന്ത്രങ്ങൾക്ക് അനിവാര്യമാണ്. അതുകൊണ്ടാണ് സിറിയയിൽ പ്രതിഷേധം തുടങ്ങിയ നാൾ മുതൽ ഇറാൻ അസദിനു പൂർണ പിന്തുണയുമായി രംഗത്ത് വന്നത്. ഫ്രീ സിറിയൻ ആർമിയെ തുർക്കി പിന്തുണച്ചപ്പോൾ, ബ്രദർഹുഡിനെ ഖത്തർ സഹായിച്ചു. സിറിയയെ ഒരു ഇസ്ലാമിക രാജ്യമായി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ജെയിഷ് അൽഇസ്ലാമായിരുന്നു സൗദി പിന്തുണ ലഭിക്കുന്ന സംഘടന. എന്നാൽ ഇതിന്റെ നേർവിപരീത താൽപര്യങ്ങളാണ് സൗദി ബ്ലോക്കിനുള്ളത്. സിറിയയിൽ അസദിനെ പുറത്താക്കി അവിടെ ഭൂരിപക്ഷം വരുന്ന സുന്നികളുടെ നേതൃത്വത്തിൽ ഒരു ഭരണകൂടം അധികാരത്തിൽ വരികയാണെങ്കിൽ അത് ഇറാനും ഹിസബുല്ലാക്കും ക്ഷീണമാവുമെന്ന് മാത്രമല്ല സുന്നി ബ്ലോക്കിനു മേൽക്കൈ കിട്ടുകയും ചെയ്യും എന്നൊക്കെയാണ് സൗദിയുടെ കണക്ക് കൂട്ടൽ.

vachakam
vachakam
vachakam

റജബ് ത്വയ്യിബ് ഉർദൊഗാന്റെ തുർക്കിക്കും സിറിയൻ യുദ്ധത്തിൽ അവരുടേതായ ലക്ഷ്യങ്ങളുണ്ടായിരുന്നു. മുസ്ലിം ബ്രദർഹുഡിന്റെ ആശയങ്ങളോട് ചേർന്നു നിൽക്കുന്ന എ.കെ. പാർട്ടിയാണ് എർദൊഗാന്റെ ഭരണകക്ഷി. സിറിയയിലെ സെക്യുലർ ഏകാധിപത്യത്തെ അട്ടിമറിച്ച് ബ്രദർഹുഡ് മോഡൽ സർക്കാരിനെ കൊണ്ടുവരികയായിരുന്നു എർദൊഗാന്റെ ലക്ഷ്യം. ഇതിന്റെ ഫലമായി ഈ രാജ്യങ്ങൾ എല്ലാം അവരവർക്ക് അനുകൂലമായ വിമത സംഘങ്ങൾക്ക് പണവും ആയുധവും നൽകി. ഫ്രീ സിറിയൻ ആർമിയെ തുർക്കി പിന്തുണച്ചപ്പോൾ, ബ്രദർഹുഡിനെ ഖത്തർ സഹായിച്ചു. സിറിയയെ ഒരു ഇസ്ലാമിക രാജ്യമായി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ജെയിഷ് അൽഇസ്ലാമിനായിരുന്നു സൗദി പിന്തുണ. ഇതിനെല്ലാം പുറമേ അമേരിക്ക അസദിനെതിരെ പരസ്യമായും രഹസ്യമായും സായുധ സംഘടനകൾക്ക് സഹായം നൽകി. ജോർഡാനിലെ ഒരു സിഐഎ ഓപ്പറേഷനൽ കേന്ദ്രത്തിന്റെ മേൽനോട്ടത്തിലായിരുന്നു ഈ രഹസ്യയുദ്ധം അമേരിക്ക നടത്തിയത് (ട്രംപ് പ്രസിഡന്റ് ആയതിനു ശേഷം ഈ സിഐഎ പ്രോഗ്രാം അവസാനിപ്പിക്കുകയുണ്ടായി).

അതായത് സിറിയൻ ഏകാധിപത്യത്തിനെതിരെ ഒരു ജനകീയ പ്രക്ഷോഭമായി ഉയർന്നു വന്ന സമരം ഏതാനും മാസങ്ങൾ കൊണ്ടാണു ഒരു ഭൗമരാഷ്ട്രീയ, പ്രാദേശിക യുദ്ധമായി പരിണമിക്കുന്നത്. ഇതാണു സിറിയയുടെ ഇന്നത്തെ പരിതാപകരമായ സ്ഥിതിയുടെ യഥാർഥ കാരണം. അസദ് ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശേഷി തങ്ങൾക്കില്ലെങ്കിലും കലാപകാരികൾ ആദ്യം പ്രതീക്ഷിച്ചത് ലിബിയയിൽ നാറ്റോ നടത്തിയതു പോലുള്ള ഒരു ഇടപെടൽ അമേരിക്കയുടെ നേതൃത്വത്തിൽ സിറിയയിലും ഉണ്ടാകുമെന്നും അതുവഴി അസദിനെ പുറത്താക്കാൻ സാധിക്കുമെന്നുമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ സംശയാലുവായിരുന്നു. സിറിയയിൽ ഒരു മുഴുനീള യുദ്ധത്തിന് അമേരിക്ക തയ്യാറാവാതിരുന്നതിനു രണ്ടു കാരണങ്ങളുണ്ടായിരുന്നു. 

ഒന്ന്, ലിബിയയുടെ ഉദാഹരണം. ലിബിയയിൽ കലാപകാരികൾക്കു വേണ്ടി ആറു മാസം നീണ്ടു നിന്ന യുദ്ധത്തിൽ മുഅമ്മർ ഗദ്ദാഫിയുടെ ഭരണകൂടെത്തെ നാറ്റോ അട്ടിമറിച്ചതിനു ശേഷം ആ രാജ്യം അരാജകത്വത്തിലേക്കു കൂപ്പു കുത്തുകയാണു ചെയ്തത്. ഇപ്പോഴും, ലിബിയയിൽ ഒരു സുസ്ഥിര ഭരണകൂടമില്ല. സിറിയയിലും അസദിനു പകരം ആര് എന്നതായിരുന്നു പ്രധാനപ്പെട്ട ചോദ്യം. അതിന് ഭാഗീകമായി ഉത്തരം ലഭിച്ചിരിക്കുന്നു. എന്നാൽ അനന്തര ഫലം കാത്തിരുന്നു കാണുകയേ വഴിയുള്ളു. തുർക്കിയിലും, ജോർഡാനിലും, ഇറാഖിലും മറ്റും മൊത്തം ജനസംഖ്യയുടെ പകുതിയോളം ആളുകൾക്ക് അവരുടെ കിടപ്പാടം വിട്ട് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. അതി സങ്കീർണമായ ഒരു യുദ്ധം കൂടിയായിരുന്നു ഇത്. അസദിനും സിറിയൻ ഭരണകൂടത്തിന്റെ സഖ്യകക്ഷികൾക്കും ഈ ദുരന്തത്തിൽ വലിയ പങ്കുണ്ട്. പക്ഷേ അത്ര തന്നെ ഉത്തരവാദിത്വം അസദിന്റെ ശത്രുക്കൾക്കുമുണ്ട്. കാരണം അവരാണ് സിറിയൻ സംഘർഷത്തെ ഒരു പ്രാദേശിക യുദ്ധമാക്കി മാറ്റിയത്. അരനൂറ്റാണ്ടിലേറെ നീണ്ട അസദ് കുടുംബ വാഴ്ച അവസാനിച്ചെങ്കിലും സിറിയയിൽ സമാധാനം എന്നത്  ഇനിയും ഏറെ അകലെയാണ്.

എമ എൽസ എൽവിൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam